പ്രവാസികൾ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 14 മേഖലയിൽ സ്വദേശിവത്കരണം കടുപ്പിച്ച് ഗൾഫ് രാജ്യം, ഡിസംബർ 31 വരെ

ദുബായ്: സ്വദേശിവത്കരണം കടുപ്പിക്കാൻ ഒരുങ്ങി യുഎഇ. ഐടി അടക്കം 14 മേഖലകളിലെ കമ്പനികളിൽ സ്വദേശികളുടെ നിയമനം കർശനമാക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 31ന് മുൻപ് നിയമനം പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നുമാണ് മാനവവിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. 20 മുതൽ 49 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

പ്രാഫഷണൽ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, ഐടി, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ സാമൂഹിക മേഖല, കലാവിനോദം, ഖനനം, ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്തചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നിവിടങ്ങളിലേക്കാണ് സ്വദേശികളെ നിയമിക്കുന്നത്.

ഓരോ സ്ഥാപനങ്ങളിലും നിലവിലുള്ള സ്വദേശികളെ നിലനിർത്തിയാകണം പുതിയ നിയമനം നൽകേണ്ടത്. ഇതിനായി സമയപരിധി അവസാനിക്കുന്നത് വരെ കാത്തിരിക്കരുത്. എല്ലാ സ്വദേശി ജീവനക്കാരുടെയും വിശദാംശങ്ങൾ രാജ്യത്തെ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. നിയമനം ലഭിച്ചവർക്ക് ഡബ്ല്യുപിഎസ് വഴി വേതനം വിതരണം ചെയ്യണം. ഓരോ വർഷവും കമ്പനിയിൽ സ്വദേശികളുടെ നിയമനത്തിൽ എണ്ണം കൂട്ടണം. ഒരു വർഷവും ഓരോ സ്വദേശിയെ കമ്പനിയിൽ നിയമിക്കണം’- ഉത്തരവിൽ പറയുന്നു.

എന്നാൽ 20ൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികൾക്ക് പുതിയ നിയമം ബാധകമല്ല. വേഗത്തിൽ വളരുന്ന, അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയുള്ള കമ്പനികളെ മാത്രമാണ് സ്വദേശികളെ നിയമിക്കുന്നതിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. നിയമനം നടപ്പിലാക്കാത്ത കമ്പനികൾക്ക് ജനുവരിയിൽ 96,000 ദിർഹം പിഴയായി അടയ്‌ക്കേണ്ടിവരും. ഇനി അടുത്ത വർഷവും നിയമനം പൂർത്തിയാക്കിയില്ലെങ്കിൽ 1.08 ലക്ഷം ദിർഹം പിഴയായി നൽകണം.


Source link
Exit mobile version