‘കൂമന്റെ സമയത്ത് തന്നെ ക്ഷീണിതനായിരുന്നു, ഒരു നടൻ പതറിപ്പോവുന്ന കാലം’

അന്തരിച്ച നടന്‍ മേഘനാഥനെ അനുസ്മരിച്ച് തിരക്കഥാകൃത്ത് കെ.ആർ. കൃഷ്ണകുമാർ. കൃഷ്ണകുമാർ തിരക്കഥ എഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘കൂമൻ’ മേഘനാഥന്റെ അവസാന സിനിമകളിൽ ഒന്നായിരുന്നു. കൂമന്റെ സമയത്ത് തന്നെ ശാരീരികമായി ക്ഷീണിതനായിരുന്നു മേഘനാഥനെന്ന് കൃഷ്ണകുമാർ ഓർത്തെടുക്കുന്നു.
‘‘നടൻ മേഘനാദൻ അന്തരിച്ചു. ആദരാഞ്ജലികൾ. തിരശീലയിൽ വില്ലൻമാരെ അവതരിപ്പിച്ചയാൾ ജീവിതത്തിൽ സൗമ്യനും സാധുവുമായിരുന്നു. ‘കൂമനി’ലാണ് ഒന്നിച്ച് വർക്ക് ചെയ്തത്. ഒരു പക്ഷേ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട അവസാന കഥാപാത്രവും അതായിരുന്നിരിക്കണം.

കൂമന്റെ സമയത്ത് തന്നെ ശാരീരികമായി ക്ഷീണിതനായിരുന്നു. ഘനഗംഭീരമായ ശബ്ദത്തിന്  ഇടർച്ച വന്നിരുന്നു. ഒരു നടൻ പതറിപ്പോവുന്ന കാലം. പിന്നെ ഏറെ സിനിമകളിൽ കണ്ടില്ല. പ്രിയപ്പെട്ട മേഘേട്ടന് വിട.’’–കൃഷ്ണകുമാർ പറയുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

English Summary:
KR Krishnakumar Remembering Meghanathan


Source link
Exit mobile version