മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മേഘനാഥൻ | Mammootty Meghanathan
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മേഘനാഥൻ
മനോരമ ലേഖകൻ
Published: November 21 , 2024 08:47 AM IST
1 minute Read
മേഘനാഥൻ
വില്ലൻ വേഷങ്ങളിലൂടെയും സഹനടനിലൂടെയും കണ്ടു പരിചയിച്ച മേഘനാഥന്റെ ഇതുവരെ കാണാത്തൊരു പകർന്നാട്ടമായിരുന്നു ‘ആക്‌ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രൻ എന്ന കഥാപാത്രം. ഭാര്യ വീട്ടുജോലിക്കു പോകുന്നുതുപോലും ഇഷ്ടപ്പെടാത്ത ഒരു സാധാരണക്കാരനായ ഭർത്താവും അച്ഛനുമായി മേഘനാഥൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ആ സിനിമ മേഘനാഥനെയും ജീവിതത്തിൽ മാറ്റി മറിച്ചിരുന്നു. ആ സിനിമയിലൂടെ മേഘനാഥൻ മാനസാന്തരപ്പെട്ടുവെന്നു പറയാം. അഭിനയത്തിന്റെ കാര്യത്തിൽ ഇനി ഉഴപ്പില്ല. വേഷം എത്ര ചെറുതായാലും കാമ്പുള്ളതാണെങ്കിൽ അഭിനയിക്കും എന്ന തീരുമാനമെടുത്തു.
‘‘ചെറിയ വേഷമായതുകൊണ്ടു വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. പക്ഷേ, പടം ഇറങ്ങിക്കഴിഞ്ഞപ്പോൾ അഭിനന്ദന പ്രവാഹം.’’–ആക്‌ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രനെക്കുറിച്ച് മേഘനാഥൻ പറഞ്ഞ വാക്കുകൾ.
അങ്ങനെയിരിക്കെയാണു വിജയരാഘവന്റെ മകന്റെ വിവാഹസൽക്കാരത്തിനു കൊച്ചിയിൽ പോയത്. അവിടെ സംവിധായകൻ ജോണി ആന്റണിയെക്കണ്ടു. ആക്‌ഷൻ ഹീറോയിലെ പ്രകടനത്തിനു ജോണിയുടെ വക ഷേക്ക് ഹാൻഡ്. നിങ്ങളൊക്കെ തയാറാണെങ്കിൽ എന്തു പരീക്ഷണത്തിനും ഞാൻ റെഡിയെന്നു മറുപടി. ജോണിയുടെ വാഗ്ദാനം അപ്പോൾത്തന്നെ – ‘ഒരു മമ്മൂക്ക പടം വരുന്നുണ്ട്, ഞാൻ വിളിക്കാം. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി സിനിമയിൽ ലാസർ എന്ന മദ്യപന്റെ വേഷമാണു മേഘനാഥന് ലഭിച്ചത്.
30 വർഷം മുൻപു മമ്മൂട്ടിയോടൊത്ത് അഭിനയിച്ചാണു മേഘനാഥൻ സിനിമയിലെത്തുന്നത്. ശ്രദ്ധിക്കപ്പെടുന്നതും മറ്റൊരു മമ്മൂട്ടി പടത്തിലൂടെ–‘ഒരു മറവത്തൂർ കനവ്’. മറവത്തൂർ കനവിന്റെ പൊള്ളാച്ചിയിലെ ലൊക്കേഷൻ വിടുമ്പോൾ മമ്മൂട്ടി മേഘനാഥനു വാക്കു കൊടുത്തിരുന്നു. ‘അടുത്ത പടത്തിൽ വിളിക്കാം’
ഉടൻ കെ.മധുവിന്റെ ഗോഡ്മാനിൽ മമ്മൂട്ടിക്കൊപ്പം വേഷം കിട്ടി. ഗോഡ്മാനിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഷാജൂൺ കാര്യാൽ തച്ചിലേടത്തുചുണ്ടനിലേക്കു വിളിച്ചു. അതും മമ്മൂട്ടിയുടെ ശുപാർശ. ഗോഡ്മാനിലെ ലുക്ക് അല്ല തച്ചിലേടത്തു ചുണ്ടനിൽ വേണ്ടത്. ഒന്നിൽ ക്ലീൻ ഷേവ്. മറ്റേതിൽ താടിയും മീശയും വേണം. ഗോഡ്മാൻ തീർത്തിട്ടു തച്ചിലേടത്തുചുണ്ടനിൽ ചേരാൻ ചെന്നപ്പോൾ മമ്മൂട്ടിയോടൊപ്പമുള്ള സീനുകളിൽ മേഘനാഥൻ ഇല്ലാതിരുന്നതുകൊണ്ടു പകരം ഡ്യൂപ്പിനെ വച്ചു ഷൂട്ട് ചെയ്തു കഴിഞ്ഞിരുന്നു. മേഘനാഥൻ ചെന്നുകഴിഞ്ഞപ്പോൾ ആ രംഗങ്ങൾ അദ്ദേഹത്തെ ഒറ്റയ്ക്കു നിർത്തി പിന്നീടു ഷൂട്ട് ചെയ്യുകയായിരുന്നു. മമ്മൂട്ടിയുടെ ബലത്തിലായിരുന്നു ആ പരിഗണന.
അതേ മമ്മൂട്ടിയോടൊത്താണു തോപ്പിൽ ജോപ്പനിലൂടെ തിരിച്ചുവരവ്. തോപ്പിൽ ജോപ്പനിൽ കുറച്ചു സീനുകളേ ഉള്ളുവെങ്കിലും എല്ലാം മമ്മൂട്ടിയോടൊത്താണ്. മാനസാന്തരപ്പെടുന്ന മദ്യപന്റെ വേഷമാണു സിനിമയിൽ ഉണ്ടായിരുന്നത്. മമ്മൂട്ടിപ്പടം കഴിഞ്ഞു ‘മാനസാന്തരപ്പെട്ടു’ വീട്ടിലെത്തിയപ്പോൾ മേഘനാഥന് അടുത്ത വിളി വന്നു. മോഹൻലാലിനൊപ്പം വേഷം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിലേക്ക്. അതേ വർഷം തന്നെ മോഹൻലാലിനൊപ്പം 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു.
English Summary:
Known for his villainous roles and supporting characters, Meghanaathan surprised everyone with his portrayal of Rajendran in Action Hero Biju.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-celebrity-celebritydeath mo-entertainment-common-malayalammovienews mo-entertainment-movie-mammootty 10gajko1ufabvut8i01n16c53j f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link