തിരുവനന്തപുരം:ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഉറപ്പായതോടെ ആവേശത്തിലാണ് ആരാധക ലക്ഷങ്ങൾ. അടുത്ത വർഷം സൗഹൃദമത്സരം കളിക്കാൻ അർജന്റീന വരുമെന്ന് ഇന്നലെ കായിക മന്ത്രി വി.അബ്ദുറഹിമാൻ ഔദ്യോഗികമായി അറിയിച്ചു. രണ്ട് മത്സരങ്ങളുണ്ടാവും. വേദി കൊച്ചിയാവാനാണ് സാദ്ധ്യത. തിരുവനന്തപുരത്തിനും പ്രതീക്ഷിക്കാം. ഖത്തർ, ജപ്പാൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്.
അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്‌പെയിനിൽ വച്ച് കായികമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കൂടുതൽ ചർച്ചകൾക്ക് അർജന്റീന അസോസിയേഷൻ അധികൃതർ ഉടൻ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി പ്രഖ്യാപനം നടത്തും.
അർജന്റീന ടീമിന്റെ സന്ദർശനം സ്പോൺസർ ചെയ്യാൻ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തുണ്ട്.
ചെലവ് 100 കോടി
അർജന്റീന ടീമിനെ കൊണ്ടുവരാൻ നൂറുകോടിയോളം രൂപ ചെലവുവരും. ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു മത്സരത്തിലെ മാച്ച് ഫീ 36 കോടിയാണ്. എതിർ ടീമുകൾക്കും നല്ലൊരു തുക വേണ്ടിവരും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാനും വലിയ ചെലവുവരും. സ്പോൺസർഷിപ്പ്, ടിക്കറ്റ് വിൽപ്പന, ടി.വി സംപ്രേഷണാവകാശം തുടങ്ങിയവയിലൂടെ തുക കണ്ടെത്തണം.
അന്നു പറഞ്ഞ നന്ദി
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ മെസിക്കാണ്. കഴിഞ്ഞ ലോകകപ്പ് വേളയിൽ കോഴിക്കോട് പള്ളാവൂർ പുഴക്കരയിൽ ആരാധകർ വച്ച മെസിയുടെ പടുകൂറ്റൻ കട്ടൗട്ട് വൈറലായി
ഇതിന്റെ ചിത്രം അർജന്റീന ഫുട്ബാൾ അസോസിയേഷനും ഫാൻ ക്ളബ്ബുകളും ഷെയർ ചെയ്തു. ലോകകപ്പ് വിജയശേഷം മലയാളി ആരാധകർക്ക് അർജന്റീന നന്ദിയും അറിയിച്ചു
2011ൽ മെസിയും സംഘവും കൊൽക്കത്തയിലും ഏറെ ആരാധകരുള്ള ബംഗ്ളാദേശിലും കളിക്കാനെത്തിയിരുന്നു.
പരിക്കുകാരണം കഴിഞ്ഞ മാസങ്ങളിലെ ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന മെസി ഇന്നലെ പെറുവിനെതിരെ കളിച്ചിരുന്നു. ഫിറ്റ്നെസ് ഒ.കെയെങ്കിലേ സൗഹൃദമത്സരങ്ങളിൽ മെസി ഇറങ്ങാറുള്ളൂ.
അർജന്റീന ടീം കളിക്കാനെത്തുന്നത് കേരളത്തിന്റെ ഫുട്ബാൾ പ്രണയത്തിനുള്ള അംഗീകാരമാണ്.
– പിണറായി വിജയൻ, മുഖ്യമന്ത്രി
സ്പോർട്സ് ഇക്കോണമി വളർത്താനാണ് അർജന്റീന ടീമിനെ ക്ഷണിച്ചിരിക്കുന്നത്. വരവ് ഉത്സവമാക്കി മാറ്റും
– വി.അബ്ദുറഹിമാൻ, കായിക മന്ത്രി
Source link