ചർച്ചയായി റഹ്മാൻ- സൈറ ഡൈവോഴ്സ്, തണലായി 29 കൊല്ലം; ഒടുവിൽ അവർ വേർപിരിയുന്നു
അർച്ചന ജി. നായർ | Thursday 21 November, 2024 | 4:59 AM
ചെന്നൈ: തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു… വേർപിരിയൽ ഭാര്യ സൈറ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് എ. ആർ. റഹ്മാൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചതിങ്ങനെ. തങ്ങളുടെ സ്വകാര്യത മാനിച്ചതിന് സുഹൃത്തുക്കളോട് നന്ദിയും രേഖപ്പെടുത്തി. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വേർപിരിയുന്നത്.
കഴിഞ്ഞദിവസമാണ് റഹ്മാനും സൈറയും വേർപിരിയുന്നെന്ന റിപ്പോർട്ട് പുറത്തുവന്നത്. സൈറയുടെ അഭിഭാഷക വന്ദന ഷാ വാർത്താകുറിപ്പ് ഇറക്കുകയായിരുന്നു. ഇരുവർക്കുമിടയിലെ വൈകാരിക സംഘർഷങ്ങളാണ് കടുത്ത തീരുമാനത്തിൽ കൊണ്ടെത്തിച്ചതെന്ന് കുറിപ്പിൽ പറയുന്നു.
അതേസമയം, റഹ്മാൻ ഈയിടെ സൈറയെക്കുറിച്ച് പറഞ്ഞതും വൈറലാകുകയാണ്. ജീവിതത്തിൽ എന്നെ പിന്തുണച്ചതിന് ഭാര്യയോട് നന്ദി പറയണം. അവൾ തന്നെയാണ് കഴിഞ്ഞ 10, 15 വർഷമായി എനിക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങുന്നത്. എന്റെ ട്യൂണുകളുടെ വിമർശകയും ആരാധികയും അവളാണ്. ഞങ്ങൾ വഴക്കുണ്ടാക്കാറില്ല എന്നൊക്കെയാണ് ഒരു ഷോയിൽ റഹ്മാൻ പറഞ്ഞത്.
വിവാഹമോചന വിവരം സ്ഥിരീകരിച്ച് റഹ്മാൻ എക്സിൽ പങ്കുവച്ച കുറിപ്പിനെതിരെ വിമർശനവുമുയർന്നു. #arrsairaabreakup എന്നാണ് ടാഗ്. സ്വന്തം വിവാഹ മോചന വിവരം അറിയിക്കാൻ ആരെങ്കിലും ഹാഷ്ടാഗ് ഉണ്ടാക്കുമോയെന്നാണ് വിമർശകർ ചോദിക്കുന്നത്.
അമ്മ കണ്ടെത്തിയ പെൺകുട്ടി
1973 ഡിസംബറിൽ ഗുജറാത്തിലെ കച്ചിലാണ് സൈറയുടെ ജനനം. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവം
ചെന്നൈയിൽ സൂഫി സന്യാസി മോത്തി ബാബയുടെ ആരാധനാലയത്തിൽ വച്ചാണ് റഹ്മാന്റെ അമ്മയും സഹോദരിയും സൈറയെ ആദ്യമായി കണ്ടത്. അവർക്ക് നന്നേ ബോധിച്ചു
അമ്മ പറഞ്ഞ പ്രകാരം, 1995 ജനുവരി 6ന് തന്റെ 28ാം ജന്മദിനത്തിലാണ് റഹ്മാൻ സൈറയെ കാണുന്നത്
പിന്നെ ഫോൺ സംഭാഷണം പതിവായി. വിവാഹം കഴിക്കാമോയെന്ന ചോദ്യത്തിന് സൈറ സമ്മതം മൂളി
1995 മാർച്ച് 12ന് വിവാഹിതരായി. റഹ്മാനേക്കാൾ ഏഴ് വയസ്സിന് ഇളയതാണ് സൈറ
ഖദീജ, റഹീമ, അമീൻ എന്നിവരാണ് മക്കൾ. വിവാഹിതയായ ഖദീജ സംഗീത സംവിധായികയാണ്. റഹ്മാന്റെ ഗാനത്തിലൂടെ അമീൻ പിന്നണി ഗായകനായി
സ്വകാര്യ കാര്യം,
മാനിക്കണം: മക്കൾ
കുടുംബത്തിന്റെ സ്വകാര്യകാര്യമെന്നും അത് മാനിക്കണമെന്നും മക്കൾ മൂവരും സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. തീരുമാനം വ്യക്തിപരമായ പ്രശ്നമാണ്. അവിടെ തലയിട്ട് ഉപദേശങ്ങൾ കൊടുത്ത്, കരയുന്ന ഇമോജികളിടാൻ ഞങ്ങളില്ല. എന്ത് ചെയ്യണമെന്ന് അവർക്കറിയാമെന്നും റഹീമ പറയുന്നു. എല്ലാവരുടെയും പരിഗണനയ്ക്ക് ഖദീജയും അമീനും നന്ദി പറഞ്ഞു.
ദാമ്പത്യ ബന്ധമുപേക്ഷിച്ച്
ബാൻഡ് അംഗവും
റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹബന്ധം അവസാനിപ്പിച്ചു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് വെളിപ്പെടുത്തൽ. ഇവരുടെ ഭർത്താവും സംഗീത സംവിധായകനുമായ മാർക്ക് ഹാർസച്ചും സ്ഥിരീകരിച്ചു. പരസ്പര ധാരണയോടെയാണ് ബന്ധം അവസാനിപ്പിക്കുന്നത്. കൊൽക്കത്ത സ്വദേശിയായ മോഹിനി റഹ്മാനൊപ്പം നാൽപ്പതിലേറെ ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.
Source link