വള്ളം തകർന്ന് കടലിൽ വീണ് അപകടം, വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം: വള്ളം തകർന്ന് കടലിൽ വീണുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപം പൊഴിക്കരയിൽ പരേതനായ രവീന്ദ്രന്റെയും മുല്ലമ്മയുടെയും മകൻ സതി (49) ആണ് മരിച്ചത്. ഇന്നുരാവിലെ പത്ത് മണിയോടെ വേളി പൊഴിക്കര ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കടലിലാണ് അപകടമുണ്ടായത്. മീൻപിടിത്തം കഴിഞ്ഞ് കരയിലേയ്ക്ക് മടങ്ങുന്നതിനിടെ വള്ളത്തിന് പിന്നിൽ വലിയ തിരമാലയടിച്ച് മറിയുകയായിരുന്നു.

സതിയുടെ ഒപ്പമുണ്ടായിരുന്ന അമ്മാവന്റെ മകനായ സതീഷിനും (45) അപകടത്തിൽ ഗുരുതര പരിക്കേറ്റു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സതീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സതിയുടെ സഹോദരൻ രതീഷ്, ഇളയച്ഛൻ സുധാകരൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപക‌ടത്തിൽ വള്ളത്തിന്റെ മുൻഭാഗം തകർന്നു. മീൻപിടിത്ത വലകളും നഷ്ടപ്പെട്ടു. സതിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.


Source link
Exit mobile version