‘കർമയോഗി’ കോഴ്സ് പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയാൻ ഉത്തരവ്; വിവാദം

‘കർമയോഗി’ കോഴ്സ്: പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയാൻ ഉത്തരവ്- I&B Ministry | Mission Karmayogi | Malayala Manorama

‘കർമയോഗി’ കോഴ്സ് പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയാൻ ഉത്തരവ്; വിവാദം

ഓൺലൈൻ ഡെസ്ക്

Published: November 20 , 2024 03:14 PM IST

1 minute Read

Representative Image

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ ‘കർമയോഗി’ പ്ലാറ്റ്‌ഫോമിലെ നിശ്ചിത കോഴ്സുകൾ പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പള ബിൽ തടഞ്ഞുവയ്ക്കാൻ ഉത്തരവ്. ഇതോടെ ഒട്ടേറെ ജീവനക്കാർക്കു ശമ്പളം ലഭിക്കാത്ത സാഹചര്യമാണു രൂപപ്പെടുന്നത്. സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് വിചിത്രവും വിവാദവുമായ ഈ ഉത്തരവെന്ന് ആരോപിച്ചു ജോലിക്കാരുടെ വിവിധ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. വാർത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലാണ് ഇതു സംബന്ധിച്ച നിർദേശം കഴിഞ്ഞ ദിവസം ലഭിച്ചത്. 
ഫിലിം ഡിവിഷൻ, പ്രസ് ഇൻഫർമേഷൻ ബ്യുറോ, ആകാശവാണി, ദൂരദർശൻ തുടങ്ങിയ വാർത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ വിവാദ നിർദേശം ബാധകമാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു രണ്ടു വർഷം മുൻപു ‘കർമയോഗി’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപീകരിച്ചത്. ഇതിന്റെ പ്രോത്സാഹനത്തിനു വേണ്ടി കർമയോഗി വാരാചരണവും മറ്റും കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ഒന്നു മുതൽ മൂന്നു മണിക്കൂർ വരെ ദൈർഘ്യമുള്ളതാണ് ഓരോ കോഴ്സുകളും. 

ഓരോ വിഭാഗത്തിലെയും ആളുകൾക്കു നിശ്ചിത കോഴ്സുകൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സൈബർ സെക്യൂരിറ്റി, പഴ്സനൽ ആൻഡ് ഓർഗനൈസേഷനൽ വാല്യൂസ്, പാർലമെന്ററി നടപടിക്രമം, സർക്കാർ ജീവനക്കാരുടെ പ്രവർത്തനചട്ടം തുടങ്ങിയ കോഴ്സുകളെല്ലാം ഇതിലുണ്ട്. ഇതിനു പുറമേ ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള സാങ്കേതിക മേഖലയെക്കുറിച്ചും കോഴ്സുകളുണ്ട്. ഇതു പൂർത്തിയാക്കി  സർട്ടിഫിക്കറ്റ് നൽകാത്തവരുടെ ശമ്പള ബില്ലുകൾ ഇനിയൊരു നിർദേശമുണ്ടാകുന്നതുവരെ തടഞ്ഞുവയ്ക്കാൻ വാർത്താ വിതരണ മന്ത്രാലയത്തിന്റെ ചീഫ് അക്കൗണ്ട്സ് കൺട്രോളർ വിവിധ പ്രിൻസിപ്പൽ അക്കൗണ്ട്സ് ഓഫിസർമാർക്കു നൽകിയ ഉത്തരവിൽ പറയുന്നു. 
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഏതെല്ലാം സാഹചര്യത്തിൽ ത‍ടഞ്ഞുവയ്ക്കാമെന്ന സർവീസ് വ്യവസ്ഥകളുണ്ട്. ഇതിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. വെബ്സൈറ്റിന്റെ പ്രശ്നം കാരണം പലർക്കും ലോഗിൻ ചെയ്തു കോഴ്സുകൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. സാങ്കേതിക പരിജ്ഞാനം കുറവായ പല ജീവനക്കാരും കോഴ്സുകൾ പൂർത്തിയാക്കാനുണ്ട്. ശമ്പളം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് ഇതു മാനദണ്ഡമാക്കുന്നതിനു പകരം ശമ്പളം തടഞ്ഞുവയ്ക്കുന്നതു ശരിയായ രീതിയല്ലെന്നു ജീവനക്കാർ പറയുന്നു. മറ്റു മന്ത്രാലയങ്ങളിൽ സമാന നിർദേശം നൽകിയിട്ടില്ലെന്നാണു വിവരം. 

വിവാദ ഉത്തരവിനെതിരെ അസോസിയേഷൻ ഓഫ് ആകാശവാണി ആൻഡ് ദൂരദർശൻ എൻജിനീയറിങ് എംപ്ലോയീസ്(എഎഡിഇഇ) ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയുടെ 23, 300 വകുപ്പുകളുടെ ലംഘനമാണിതെന്നും സുപ്രീം കോടതി ഉൾപ്പെടെയുള്ളവർ ഇത്തരം ഇടപെടലുകൾ തടഞ്ഞിട്ടുള്ളതാണെന്നും ഇവർ വ്യക്തമാക്കി. ഒരാളോടു ജോലി ചെയ്യാൻ ആവശ്യപ്പെട്ടശേഷം ശമ്പളം നൽകാതിരിക്കുന്നതു ഭരണഘടനയുടെ 23–ാം വകുപ്പിന്റെ ലംഘനമാണെന്നാണു കോടതി ഉത്തരവ്. വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിത്തെന്നും ജീവനക്കാർ ആരോപിക്കുന്നു.

English Summary:
I&B Ministry imposes salary freeze for officials who skipped Mission Karmayogi courses

mo-news-common-ministryofinformationandbroadcasting mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 70j03dv1hs01mti5okjk8dgv4n


Source link
Exit mobile version