ശിവഗിരി തീർത്ഥാടനം: വിളംബര സമ്മേളനങ്ങളായി
ശിവഗിരി : 92-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ആഗോളതലത്തിൽ വിളംബര സമ്മേളനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഗുരുധർമ്മ പ്രചരണ സഭയും ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളും സഭാഘടകങ്ങളും വിളംബരസമ്മേളനങ്ങൾക്ക് നേതൃത്വം നല്‍കുന്നുണ്ട്. കുവൈറ്റ്, വാഷിംഗ്ടൺ, ഓസ്ട്രേലിയ, യു.എ.ഇ, ബഹ്റിൻ, ഒമാൻ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെയും തീർത്ഥാടന പ്രചാരണ സമ്മേളനങ്ങളുണ്ടാകും. വിദേശ രാജ്യങ്ങളിൽ നിന്നും മുൻകാലങ്ങളിലെന്നവണ്ണം തീർത്ഥാടകരുടെ വലിയ നിര ശിവഗിരിയിൽ എത്തുന്നതിനുളള ക്രമീകരണങ്ങളായി. തീർത്ഥാടക ഘോഷയാത്രയുടെ ധർമ്മ പതാകകൾ ഇക്കൊല്ലവും യു.എ.ഇ, ബഹ്റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നാകും എത്തിക്കുക. തീർത്ഥാടന പദയാത്രകളുടെയും കലാപരിപാടികൾ നടത്തുന്നവരുടെയും രജിസ്ട്രേഷൻ ആരംഭിച്ചതായി തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു. തീർത്ഥാടനത്തോടനുബന്ധിച്ചുളള വ്യാപാരസ്റ്റാളുകളുടെ വിതരണം 24ന് രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിൽ നടക്കും. പങ്കെടുക്കുന്നവർ ആധാർകാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം. ഫോൺ: 9846520574, 9074316042
Source link