KERALAMLATEST NEWS

അന്ന് മോദി സാക്ഷി; കഥകിന്റെ കേരള ബ്രാൻഡാകാൻ ശരണ്യ

തൃശൂർ: ഭാവസുന്ദരച്ചുവടുകളും കഥാമുദ്രകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിസ്മയിപ്പിച്ച ആദ്യ മലയാളി കഥക് നർത്തകി ശരണ്യ ജെസ്‌ലിൻ 25ലേറെ ദേശീയകഥക് കലാകാരന്മാരെ അണിനിരത്തി നൃത്തോത്സവത്തിനൊരുങ്ങുന്നു. ശരണ്യയുടെ നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട ‘ശരണ്യാസ് സഹസ്ര” കൾച്ചറൽ ട്രസ്റ്റാണ് കേരളത്തിലെ ആദ്യ കഥക് ഫെസ്റ്റ് തൃശൂരിൽ സംഘടിപ്പിക്കുന്നത്. സംഗീത നാടക അക്കാഡമി റീജിയണൽ തിയേറ്ററിൽ 20, 21, 22 തീയതികളിലാണ് പരിപാടി. ലോകപ്രശസ്ത കഥക് കലാകാരനും ഗുരുവുമായ ഡോ. പുരു ധദീചിന്റെ 85-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി, കഥക് ഗുരു പണ്ഡിറ്റ് ബിർജു മഹാരാജിന് ആദരാഞ്ജലി അർപ്പിച്ചാണ് ഫെസ്റ്റ് നടത്തുന്നത്.

2023ൽ രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ ഭാരത് മണ്ഡപത്തിന്റെ ഉദ്ഘാടനവേളയിൽ ഡൽഹിയിലെ പ്രഗതി മൈതാനത്തായിരുന്നു നരേന്ദ്രമോദിക്ക് മുന്നിൽ ശരണ്യ കഥക് അവതരിപ്പിച്ചത്. പ്രശസ്തമായ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവലിലും ഭക്തമീരയുടെ 525-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സംഗീത നാടക അക്കാഡമി രാജസ്ഥാനിൽ നടത്തിയ ‘പ്രേംരംഗ് മീര” സാംസ്‌കാരിക പരിപാടിയിലും ചുവടുവച്ചിട്ടുണ്ട്.

തുടക്കം മോഹിനിയാട്ടത്തിൽ

മൂന്നുവയസ് മുതൽ മോഹിനിയാട്ടവും കഥകളിയും പഠിച്ചുതുടങ്ങിയ ശരണ്യ,​ സംഗീത നാടക അക്കാഡമിയിലെ കഥക് ശില്പശാലയിൽ പങ്കെടുത്തതോടെയാണ് ചുവടുകൾ മാറ്റിയത്. മദ്ധ്യപ്രദേശിലെ ഗുരുകുല വിദ്യാഭ്യാസത്തിനുശേഷം കവി കുലഗുരു കാളിദാസ് സംസ്‌കൃത സർവകലാശാലയുടെ കീഴിലെ മുംബയ് ഭരത കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നിന്ന് എം.പി.എ (മാസ്റ്റർ ഒഫ് പെർഫോർമിംഗ് ആർട്സ്)​ ബിരുദാനന്തര ബിരുദം നേടി. തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് എം.എ ടൂറിസവും പഠിച്ചു. വിദേശത്തുൾപ്പെടെ കഥക് അവതരിപ്പിക്കുന്ന ശരണ്യ, ഇരിങ്ങാലക്കുടയിലും കിഴക്കേകോട്ടയിലുമുള്ള കേന്ദ്രങ്ങളിൽ പരിശീലനവും നൽകുന്നുണ്ട്. ഭർത്താവ്: ജസ്‌ലിൻ. മക്കൾ: ആര്യൻ, കാൽപനിക. ഇരിങ്ങാലക്കുട ആലുപറമ്പിൽ ശങ്കരനാരായണന്റെയും സരസയുടെയും മകളാണ്.

കേരളത്തിൽ ഏറക്കുറെ അപരിചിതമായ കഥകിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും രാജ്യമെങ്ങും പ്രചരിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

-ശരണ്യ ജെസ്‌ലിൻ


Source link

Related Articles

Back to top button