ന്യൂഡൽഹി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ ഇന്ന് തിരിതെളിയും. വൈകിട്ട് 5ന് ബാംബോലിം ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി എൽ.മുരുകനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
നാഗാർജ്ജുന, നിത്യമേനോൻ, ബൊമൻ ഇറാനി തുടങ്ങിയ ചലച്ചിത്ര താരങ്ങൾക്കൊപ്പം ശ്രീ ശ്രീ രവിശങ്കറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർക്ക് അന്ത്യാഞ്ജലിയായി എ.ആർ. റഹ്‌മാന്റെ പ്രത്യേക സംഗീത വിരുന്നുമുണ്ടാകും.
എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺഫീച്ചർ ഫിലിമുകളും പ്രദർശിപ്പിക്കും. ഉച്ചയ്‌ക്ക് 2.30ന് ബെറ്റർമാൻ എന്ന ആസ്ട്രേലിയൻ ചിത്രമാണ് ആദ്യം. ഫീച്ചർ വിഭാഗത്തിൽ ഉദ്ഘാടന ചിത്രം രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യ വീർ സവർക്കർ” (ഹിന്ദി). ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച്” (ലഡാക്കി) ആണ് നോൺഫീച്ചർ ഉദ്ഘാടന ചിത്രം.
ആടുജീവിതം, ഭ്രമയുഗം, ലെവൽ ക്രോസ് (ഇന്ത്യൻ പനോരമ), മഞ്ഞുമ്മൽ ബോയ്സ് (മെയിൻ സ്ട്രീം) എന്നീ മലയാള സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറി അദ്ധ്യക്ഷൻ. നവാഗത സംവിധായകനെ കണ്ടെത്താനുള്ള മത്സരത്തിൽ രാഗേഷ് നാരായണന്റെ മലയാള ചിത്രം തണുപ്പ് അടക്കം അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഇന്ത്യൻ സിനിമയുടെ നാനാമുഖങ്ങളെ രൂപപ്പെടുത്തിയ രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റാഫി എന്നിവരെ മേളയിൽ ആദരിക്കും. ‘കൺട്രി ഒഫ് ഫോക്കസ്” വിഭാഗത്തിൽ ഏഴ് ഓസ്‌ട്രേലിയൻ സിനിമകൾ പ്രദർശിപ്പിക്കും. ഓസ്‌ട്രേലിയൻ നിർമ്മാതാക്കളും സ്‌ക്രീൻ ആസ്‌ട്രേലിയ, സ്റ്റേറ്റ് സ്‌ക്രീൻ കമ്മിഷനുകൾ, ഓസ്ഫിലിം എന്നിവയുടെ പ്രതിനിധികളും മേളയ്‌ക്കെത്തും. വർക്ക് ഇൻ പ്രോഗ്രസ് ലാബ് വിഭാഗത്തിൽ ആറ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Source link