KERALAMLATEST NEWS

ആലപ്പുഴയിൽ യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയിൽ, പരിശോധനയുമായി പൊലീസ്

ആലപ്പുഴ: കരുനാഗപ്പള്ളിയിൽ കാണാതായ യുവതിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. ഇക്കഴിഞ്ഞ ആറാം തീയതി കാണാതായ വിജയലക്ഷ്മി (48) യെ ആണ് സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന ആലപ്പുഴയിലെ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അമ്പലപ്പുഴ സ്വദേശിയായ ജയചന്ദ്രൻ രണ്ട് കുട്ടികളുടെ പിതാവാണ്. കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മി വിവാഹമോചിതയാണ്. ഇവർക്ക് കുട്ടികളുമുണ്ട്. ഇരുവരും തോട്ടപ്പള്ളി ഹാർബറിൽ വച്ചാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് വിവരം. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്ന് ജയചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്.

കൊലയ്ക്ക് ശേഷം യുവതിയുടെ മൊബൈൽ ഫോൺ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിച്ചത്. എറണാകുളത്ത് നിന്ന് കണ്ടെത്തിയ ഫോൺ കെഎസ്ആർടിസി കണ്ടക്ടർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയചന്ദ്രനെയാണ് വിളിച്ചത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കാൾ ലിസ്റ്റ് എന്നിവ പരിശോധിച്ചപ്പോൾ അന്വേഷണം ജയചന്ദ്രനിലേക്ക് എത്തുകയായിരുന്നു.

വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാൻ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടിൽ പോകുകയും ചെയ്തിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ഇവരെ കൊന്ന് വീടിനോട് ചേർന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കോൺക്രീറ്റ് ചെയ്‌തെന്നും വിവരമുണ്ട്. ഫോറൻസിക് വിദഗ്ദരുമായി സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിവരികയാണ്.


Source link

Related Articles

Back to top button