മഹാരാഷ്ട്രയിൽ വോട്ടിന് നോട്ട് കേസിൽ കുടുങ്ങി ബി.ജെ.പി ദേശീയ നേതാവ് താവ്ഡെ
ഹോട്ടലിൽ നിന്ന് 9.93 ലക്ഷം രൂപ പിടിച്ചു
ന്യൂഡൽഹി:മഹാരാഷ്‌ട്രയിൽ ഇന്ന് നിയമസഭാ വോട്ടെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ യോഗം നടന്ന ഹോട്ടലിൽ നിന്ന് 9.93 ലക്ഷം രൂപ പിടിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു.
ബി.ജെ.പി നിഷേധിച്ചെങ്കിലും കോൺഗ്രസ് – ശിവസേന (ഉദ്ധവ്) – എൻ.സി.പി സഖ്യമായ മഹാവികാസ് അഘാഡിക്ക് അപ്രതീക്ഷിത ആയുധമായി.
അഘാഡി സഖ്യത്തിലെ പ്രാദേശിക പാർട്ടി ബഹുജൻ വികാസ് അഘാഡിയുടെ (ബി.വി.എ) എം.എൽ.എ ക്ഷിതിജ് താക്കൂറിന്റെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് പണം പിടിച്ചെടുത്തത്.
പാൽഘർ ജില്ലയിലെ നല്ലസൊപ്പാര മണ്ഡലത്തിലെ ബി.ജെ. പി സ്ഥാനാർത്ഥി രാജൻ നായിക്കിന് വേണ്ടി വോട്ടർമാർക്ക് നൽകാൻ കരുതിയ പണമാണെന്നാണ് ആക്ഷേപം. രാജൻ നായിക്കുമായി ഹോട്ടലിൽ ചർച്ച നടത്തുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. ഗുജറാത്തിൽ നിന്നും ഡൽഹിയിൽ നിന്നും ബി.ജെ.പി ട്രക്ക് നിറയെ പണം മഹാരാഷ്‌ട്രയിൽ എത്തിച്ചെന്നും അതിൽ അഞ്ച് കോടി രൂപ നല്ലസൊപ്പാരയിൽ വിതരണം ചെയ്തെന്നുമാണ് മഹാവികാസ് അഘാഡി ആരോപിക്കുന്നത്. ഹോട്ടലിൽ നിന്ന് പണം നൽകേണ്ടവരുടെ പേരടങ്ങിയ ഡയറിയും കണ്ടെടുത്തു. വോട്ടുറപ്പിക്കാനുള്ള പണമാണെന്ന് ആരോപിച്ച് ബി.വി.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുലിംഗ് പൊലീസ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ അഞ്ചു കോടി രൂപയുമായി വിനോദ് താവ്ഡെ വരുന്നുണ്ടെന്ന് ചില ബി.ജെ.പി നേതാക്കളിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് ക്ഷിതിജ് താക്കൂർ പറഞ്ഞു. യോഗം നടക്കുമ്പോൾ ഹോട്ടലിലെ സിസിടിവി കാമറകൾ ഓഫ് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.എന്നാൽ കേസെടുത്തത് പണവുമായി ബന്ധപ്പെട്ടെല്ലെന്നും വോട്ടെടുപ്പിന് തലേന്ന് ബി.ജെ.പി യോഗം നടത്തി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണെന്നും ബി.ജെ.പി നേതാവ് സുധാൻഷു ത്രിവേദി പറഞ്ഞു.
രമേശ് ചെന്നിത്തല:
ബി.ജെ.പി മഹാരാഷ്ട്രയിൽ തോൽവി സമ്മതിച്ചതിനാലാണ് പണം വിതരണം ചെയ്യാൻ തുടങ്ങിയത്. എത്ര പണം നൽകിയാലും ബി.ജെ.പി ജയിക്കില്ല. .
Source link