‘ദൃശ്യം’ സിനിമ പലതവണ കണ്ടെന്ന് ജയചന്ദ്രൻ, വിജയലക്ഷ്മിയുടെ തലയ്ക്കടിച്ച് കൊല? പ്രതിയുമായി സ്ഥലത്തെത്തി പൊലീസ്

ആലപ്പുഴ: കാണാതായ കരുനാഗപ്പള്ളി കുലശേഖരം സ്വദേശിനി വിജയലക്ഷ്മിയെ (49) കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് ജയചന്ദ്രന്റെ മൊഴി. സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. നാല് ദിവസമായി വിജയലക്ഷ്മിയെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ ജയചന്ദ്രനും വിജയലക്ഷ്മിയും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽ വച്ച് കണ്ടെത്തിയിരുന്നു.

പൊലീസ് ചോദ്യം ചെയ്യലിൽ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് ജയചന്ദ്രൻ മൊഴി നൽകിയത്. ‘ദൃശ്യം’ സിനിമ പല തവണ കണ്ടെന്നും ജയചന്ദ്രൻ പൊലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കൂട്ടി കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിൽ പരിശോധന നടത്തുകയാണ്. ജയചന്ദ്രന്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇടുക്കി സ്വദേശിയുമായി വിജയലക്ഷിമിയുടെ വിവാഹം കഴിഞ്ഞിരുന്നു.

എന്നാൽ ഇരുവരും തമ്മിൽ ഇപ്പോൾ ഒരുമിച്ചല്ല. ഇവർക്ക് രണ്ട് മക്കളുണ്ട്. അമ്പലപ്പുഴ സ്വദേശിയുമായ ജയചന്ദ്രനുമായി അടുത്ത സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് വിവരം. വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാൻ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടിൽ പോകുകയും ചെയ്തിരുന്നു. ഇവിടെ വച്ച് ഒരു ഫോൺ കോൾ വന്നതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ഇവരെ കൊന്ന് വീടിനോട് ചേർന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കോൺക്രീറ്റ് ചെയ്‌തെന്നും വിവരമുണ്ട്. പ്ലയർ കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.

കൊലയ്ക്ക് ശേഷം യുവതിയുടെ മൊബൈൽ ഫോൺ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിച്ചത്. എറണാകുളത്ത് നിന്ന് കണ്ടെത്തിയ ഫോൺ കെഎസ്ആർടിസി കണ്ടക്ടർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയചന്ദ്രനെയാണ് വിളിച്ചത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കാൾ ലിസ്റ്റ് എന്നിവ പരിശോധിച്ചപ്പോൾ അന്വേഷണം ജയചന്ദ്രനിലേക്ക് എത്തുകയായിരുന്നു. പ്രതി ജയചന്ദ്രനുമായി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.


Source link
Exit mobile version