ഏതുദിവസവും സമയവും മദ്യമുൾപ്പെടെ ലഭ്യമാക്കണം: സീ പ്ലെയിൻ സർവീസ് യാഥാർത്ഥ്യമാകാൻ കടമ്പകൾ ഏറെ

കൊച്ചി: പരീക്ഷണപ്പറക്കൽ വിജയമായെങ്കിലും ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സർവീസ് യാഥാർത്ഥ്യമാകാൻ കടമ്പകൾ നിരവധി. സർവീസ് നടത്താൻ വിമാന കമ്പനികൾ സന്നദ്ധരാകൽ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി എന്നിവയാണ് ആദ്യഘട്ടം. ‘ഹൈ എൻഡ് ‘ ടൂറിസ്റ്റുകളെ ആകർഷിക്കാൻ നിയമങ്ങളിൽ ഇളവും വേണ്ടിവരും. സീ പ്ലെയിൻ സർവീസ് പദ്ധതിക്ക് വ്യക്തമായ നയം തയ്യാറായിട്ടില്ല. സാദ്ധ്യതകൾ പഠിക്കാനുള്ള പരീക്ഷണപ്പറക്കൽ മാത്രമാണ് കേരളത്തിലും ആന്ധ്രാപ്രദേശിലും നടത്തിയത്.

ദൂരം കുറവാണെങ്കിലും ചെലവ് കൂടുമെന്നതിനാൽ എയർലൈൻ കമ്പനികൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സർക്കാർ നൽകും. ആദ്യ മൂന്നുവർഷം സർക്കാർ തുക നൽകും. പിന്നീട് കമ്പനികൾ പൂർണമായും വഹിക്കേണ്ടി വരുമെന്നാണ് സൂചന.

വൻതോതിൽ പണം ചെലവഴിക്കുന്ന ‘ഹൈ എൻഡ് ‘ സഞ്ചാരികൾക്കാണ് സീ പ്ലെയിൻ ഉപയോഗിക്കാൻ കഴിയുക. ഇത്തരക്കാർക്ക് ഏതുദിവസവും സമയവും മദ്യമുൾപ്പെടെ ലഭ്യമാക്കണം. ഇതിന് കേരളത്തിലെ മദ്യനയം തടസമാണെന്ന് കേരള ട്രാവൽമാർട്ട് ഭാരവാഹികളും ടൂറിസം ഉന്നതരും പറയുന്നു.

ഹ്രസ്വദൂര വിമാനയാത്ര പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഉഡാൻ” പദ്ധതിയിൽ റീജിയണൽ കണക്ടിവിറ്റി സ്‌കീം, സ്‌മോൾ എയർക്രാഫ്റ്റ് സർവീസസ് വിഭാഗങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഒമ്പത് മുതൽ 15 വരെ സീറ്റുള്ള വിമാനങ്ങൾ, സീ പ്ലെയിനുകൾ എന്നിവയുടെ ഹ്രസ്വദൂര സർവീസുകൾക്ക് അനുമതി നൽകുന്നതിലൂടെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയാണ് പ്രധാനലക്ഷ്യം.

നടന്നത് പരീക്ഷണപ്പറക്കൽ മാത്രം

വ്യോമയാന ഡയറക്ടറേറ്റ് റൂട്ട് നിശ്ചയിച്ച്, ടെൻഡർ വിളിച്ച് കമ്പനികളുടെ നിരക്കുൾപ്പെടെ പരിശോധിച്ച് അംഗീകാരം നൽകിയാലേ സർവീസ് യാഥാർത്ഥ്യമാകൂ. ഇതിന് ഏറെ സമയമെടുക്കും. സീ പ്ലെയിൻ ഇറങ്ങേണ്ട ജലാശയങ്ങളിൽ ഏയ്റോഡ്രോമുകളും സുരക്ഷയ്‌ക്കുൾപ്പെടെ നിരവധി അനുബന്ധ സൗകര്യങ്ങളും ഒരുക്കണം. സ്‌പൈസ് ജെറ്റ് ഉൾപ്പെടെ മൂന്ന് കമ്പനികൾ സീ പ്ലെയിൻ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

1. വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന സീ പ്ലെയിൻ ജലാശയത്തിലാണ് അടുത്ത ലാൻഡിംഗ് നടത്തേണ്ടത്. മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതിയില്ല. ജലാശയത്തിൽ നിന്ന് മറ്റൊരു ജലാശയത്തിലോ വിമാനത്താവളത്തിലോ ഇറങ്ങാം.

2. ജലാശയങ്ങളിൽ ഇറങ്ങാനും പറന്നുയരാനും അഞ്ചു മിനിറ്റേ ആവശ്യമുള്ളു. 15 മുതൽ 30 മിനിറ്റ് സീ പ്ളെയിൻ ഇറങ്ങുന്ന സ്ഥലങ്ങളിലെ ബോട്ട് സർവീസ് ഉൾപ്പെടെ നിറുത്തിയാൽ മതി. അതിനാൽ ജലാശയങ്ങളിലെ പതിവ് പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കില്ല.

ലക്ഷ്യമിടുന്ന ജലാശയങ്ങൾ

മാട്ടുപ്പെട്ടി, മലമ്പുഴ, വേമ്പനാട് കായൽ, അഷ്ടമുടിക്കായൽ, ചന്ദ്രഗിരിപ്പുഴ, കൊച്ചി, കോവളം

ഇപ്പോഴും തുടരുന്ന എ​തി​ർ​പ്പ്

2013ൽ ഉമ്മൻ ചാണ്ടി സർക്കാർ സീ പ്ലെയിൻ പറത്തിയപ്പോൾ ഉയർത്തിയ എതിർപ്പ് മത്സ്യത്തൊഴിലാളികൾ തുടരുകയാണ്. ഉപജീവനവും തൊഴിലും നഷ്‌ടമാക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്ന് ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങുന്നതിനെതിരെ വനംവകുപ്പും രംഗത്തുണ്ട്.

₹20000 പ്രതീക്ഷിക്കുന്ന നിരക്ക്


Source link
Exit mobile version