മെഗാ കേബിൾ ഫെസ്റ്റ് 21 മുതൽ കൊച്ചിയിൽ

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ കേബിൾ, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാൻഡ് പ്രദർശനമായ മെഗാ കേബിൾ ഫെസ്റ്റിന്റെ 22-ാമത് പതിപ്പ് 21 മുതൽ 23 വരെ കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരള ഇൻഫോ മീഡിയയാണ് സംഘാടകർ.

21ന് രാവിലെ 10.30ന് കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിക്കും. കെ-ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തും.

ഉച്ചക്ക് മൂന്നിന് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാദ്ധ്യമങ്ങളുടെ ഭാവിയും” സെമിനാറിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകർ പങ്കെടുക്കും.

22ന് ഉച്ചകഴിഞ്ഞ് മൂന്നിന് ‘ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെ ലയനവും അനന്തര ഫലങ്ങളും” സെമിനാർ. ഫ്‌ളവേഴ്‌സ് ടി.വി, 24 ന്യൂസ് മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, ടൈംസ് നൗ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും. 23ന് രാവിലെ 11ന് ‘ഡിജിറ്റൽ കാലത്തെ കേബിൾ ചാനലുകൾ” സെമിനാർ.

സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, എക്സിക്യുട്ടീവ് അംഗം അബൂബക്കർ സിദ്ദിഖ്, മെഗാ കേബിൾ ഫെസ്റ്റ് ജനറൽ കൺവീനർ കെ.വി. രാജൻ, കേരള ഇൻഫോമീഡിയ സി.ഇ.ഒ എൻ.ഇ.ഹരികുമാർ, കേരളവിഷൻ ഡയറക്ടർ പി.എസ്. രജനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Source link
Exit mobile version