KERALAMLATEST NEWS

തൃശൂർ പൂരം കലക്കൽ: തിരുവമ്പാടി – ബി.ജെ.പി ഗൂഢാലോചനയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കുന്നതിന് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ബി.ജ.പിയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഹൈക്കോടതിയിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. ഏപ്രിൽ 19ന് നടന്ന പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരിൽ തിരുവമ്പാടി വിഭാഗം ബഹിഷ്കരണ നീക്കം നടത്തിയതും ഗതാഗത നിയന്ത്രണമുള്ളിടത്തേക്ക് സുരേഷ്ഗോപി ആംബുലൻസിലെത്തിയതും രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്ന ആരോപണവുമായാണ് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദുവിന്റെ സത്യവാങ്മൂലം.

പൂരം കലക്കലിൽ അന്വേഷണം തുടങ്ങിയശേഷം ഘടക ക്ഷേത്ര സമിതികളുമായി ദേവസ്വം ബോർഡ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം ചേർത്തിരിക്കുന്നത്. പൂരം അലങ്കോലമാക്കിയതിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെടുന്ന ഹർജികളിലാണ് വിശദീകരണം.

തിരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി. ഈ കേസിലെ ഹർജിക്കാരനായ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാർ, കണ്ണൂരിൽ നിന്നുമുള്ള സംഘപരിവാർ പ്രവർത്തകൻവൽസൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം ഈ സംശയം ബലപ്പെടുത്തുന്നതാണ്.

ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ്ഗോപിയും അന്ന് പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടു. പൂരം അലങ്കോലമായെന്ന് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും താനിടപ്പെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാർത്തകൾ നൽകുകയും ചെയ്തു. രാത്രി മഠത്തിൽ വരവ് സമയത്ത് തിരുവമ്പാടി 9 ആനകൾക്ക് പകരം ഒരാനയായി ചുരുക്കി. അലങ്കാര പന്തലുകളിലെ വിളക്കുകൾ അണച്ചു. ഇത് പൂരത്തിന്റെ ശോഭ നഷ്ടപ്പെടുത്തി. പൂരം നിർത്തിവെയ്ക്കുകയാണെന്ന് തിരുവമ്പാടി പ്രചരിപ്പിച്ചത് തികച്ചും തെറ്റായി. പാസ്സുള്ളവരെ മുഴുവൻ പൂരപറമ്പിൽ വെടിക്കെട്ട് സമയത്ത് കയറ്റണമെന്ന് വാശി പിടിച്ചു. നിസ്സഹകരണം മൂലം വെടിക്കെട്ട് നീണ്ടു. ഇത് തിരുവമ്പാടി ദേവസ്വത്തിന്റെ അനാശാസ്യമായ സമ്മർദ്ദതന്ത്രമായി കാണേണ്ടതാണ്.

വടക്കുന്നാഥക്ഷേത്ര മൈതാനത്ത് ചെരിപ്പിട്ടു കയറാൻ അനുവദിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്തതാണ് റിപ്പോർട്ടിൽ പൊലീസിനെതിരായ പ്രധാനവീഴ്ചയായി പറയുന്നത്. കുടമാറ്റ സമയത്ത് അടക്കം പൊലീസും ജനങ്ങളുമായുണ്ടായ തർക്കത്തെ പതിവ് വിഷയമായാണ് കാണുന്നത്. ആന പരിശോധന തടസപ്പെടുത്തിയത് സംബന്ധിച്ചാണ് പാറമേക്കാവ് ദേവസ്വത്തിനെതിരായ വിമർശനങ്ങളിലൊന്ന്.


Source link

Related Articles

Back to top button