സ്വർണക്കടത്ത് കേസ് ഇ.ഡിക്ക് താത്പര്യമില്ലേയെന്ന് വീണ്ടും സുപ്രീംകോടതി

ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസ് നടത്താൻ താത്പര്യമില്ലേയെന്ന് ഇ.ഡിയോട് ആവർത്തിച്ച് സുപ്രീംകോടതി. അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഇ.ഡി ഇന്നലെ ആവശ്യപ്പെട്ടപ്പോളായിരുന്നു ജസ്റ്റിസ് ഹൃഷികേശ് റോയിയും എസ്.വി.എൻ ഭട്ടിയും അടങ്ങിയ ബെഞ്ചിന്റെ ചോദ്യം. കഴിഞ്ഞ ഒക്ടോബർ ഒന്നിന് വിഷയം പരിഗണിച്ചപ്പോഴും സമാന ചോദ്യമുന്നയിച്ചിരുന്നു.
വിചാരണ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജി ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കേരളത്തിൽ വിചാരണ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നാണ് ഇ.ഡിയുടെ ഹർജിയിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയ പ്രതികളാണ് ഹർജിയിലെ എതിർകക്ഷികൾ.
ശമ്പളമില്ലാ ലീവ്:
മെഡിസെപ് പ്രീമിയം
മുൻകൂർ അടക്കണം
തിരുവനന്തപുരം:ശമ്പളമില്ലാ അവധിയിൽ പോകുന്ന സർക്കാർ ജീവനക്കാർ മെഡിസെപ് പ്രീമിയം മുൻകൂർ അടക്കണം. എന്നാൽ അവധി റദ്ദാക്കി തിരിച്ച് ജോലിയിൽ പ്രവേശിച്ചാൽ അന്നു മുതൽ മെഡിസെപ് മാസ പ്രീമിയം തവണ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.
ഈ സാഹചര്യത്തിൽ പ്രീമിയം നേരിട്ട് ചലാൻ മുഖേന ട്രഷറിൽ അടക്കുന്നവർ ചലാൻ ഡി.ഡി.മാർക്ക് കൈമാറുമ്പോൾ തിരിച്ച് ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ അടച്ച തുകയിൽ പ്രീമിയം തവണയുടെ തുക കിഴിച്ച് ബാക്കി റീഫണ്ട് ചെയ്യാനുള്ള ഓപ്ഷൻ കൂടി ഉൾപ്പെടുത്തണമെന്ന് കാട്ടി ധനവകുപ്പ് സർക്കുലർ പുറത്തിറക്കി. ഇതുസംബന്ധിച്ച പരാതികൾ ഒഴിവാക്കുന്നതിനാണിത്. റീഫണ്ട് ഓപ്ഷൻ ഇല്ലാതെ മെഡിസെപ് പ്രീമിയം മുൻകൂർ അടച്ചാൽ പിന്നീട് ജോലിയിൽ തിരിച്ച് പ്രവേശിക്കുന്ന സാഹചര്യത്തിൽ ശമ്പളത്തിൽ നിന്ന് മെഡിസെപ് പ്രീമിയം പിടിക്കുന്നത് ഒഴിവാക്കാൻ സ്പാർക്ക് സോഫ്റ്റ് വെയറിൽ സംവിധാനമില്ലാത്തതിനാലാണിത്.
യന്ത്രത്തകരാർ: ഇൻഡിഗോ
വിമാനത്തിന് കൊച്ചിയിൽ
അടിയന്തര ലാൻഡിംഗ്
നെടുമ്പാശേരി: ബംഗളൂരുവിൽ നിന്ന് മാലിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. 6 ഇ 1127 വിമാനം ഉച്ചക്ക് 2.21ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ 2.05ന് പ്രഖ്യാപിച്ച സമ്പൂർണ അടിയന്തരാവസ്ഥ 2.28ന് പിൻവലിച്ചു. 136 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 140 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 49 പേർ വിദേശികളായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മാലിയിലെത്തിച്ചു.
Source link