കിഫ്ബി വികസനം ലക്ഷം കോടിയിലേക്ക്: 743 കോടിയുടെ 32 പദ്ധതികൾക്ക് അനുമതി
തിരുവനന്തപുരം: കിഫ്ബിയിലൂടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികൾ ഒരു ലക്ഷം കോടിയിലേക്ക്. 743.37 കോടി രൂപയുടെ 32 പദ്ധതികൾക്ക് കിഫ്ബി ഇന്നലെ ധനാനുമതി നൽകി. ഇതോടെ കിഫ്ബിവഴി നടപ്പാക്കുന്ന പദ്ധതികളുടെ ചെലവ് 87,378.33 കോടിയിലെത്തി. 1147 പദ്ധതികൾക്കാണ് അനുമതി നൽകിയതെന്ന് യോഗത്തിനു ശേഷം ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രി, കൊട്ടാരക്കര ഐ.ടി പാർക്ക്, വിഴിഞ്ഞം-കൊല്ലം-പുനലൂർ സാമ്പത്തിക വ്യാവസായിക വികസന ഇടനാഴിക്കുള്ള സ്ഥലമേറ്റെടുക്കൽ, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ്, സ്കൂൾ ഒഫ് മാത്തമാറ്റിക്സ്, കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ എന്നിവയിൽ സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കൽ, കണ്ണൂർ മാവിലായിലെ എ.കെ.ജി ഹെറിറ്റേജ് സ്ക്വയർ, ചിലവന്നൂർ കനാൽ കേന്ദ്രീകൃത വികസനം, ടെക്നോപാർക്കിന്റെ ആറാംഘട്ട വികസനത്തിനായി ഡിജിറ്റൽസയൻസ് പാർക്ക് നിർമ്മാണം തുടങ്ങിയ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കിഫ്ബിയുടെ 51-ാമത് ബോർഡ് തത്വത്തിൽ അംഗീകാരം നൽകി.
67,378.33 കോടിയുടെ 1140 അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്കും, 20,000 കോടി രൂപയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി ഏഴ് പദ്ധതികൾക്കും ധനാനുമതി നൽകി. ചെലവിനായി ഇതുവരെ 31,512.95 കോടി രൂപ കൈമാറി. 18,423.50 കോടിയുടെ പദ്ധതികൾ പൂർത്തിയായി. വാർത്താസമ്മേളനത്തിൽ കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹം, അഡിഷണൽ സി.ഇ.ഒ മിനി ആന്റണി തുടങ്ങിയവരും പങ്കെടുത്തു.
റോഡ് വികസനത്തിന് 335 കോടി
പൊതുമരാമത്തിന്റെ 11 പദ്ധതിക്ക്- 335.28 കോടി
കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ മൂന്ന് പദ്ധതിക്ക്- 23.35കോടി
ആരോഗ്യ വകുപ്പിന്റെ ഒമ്പത് ആശുപത്രികൾക്ക് ഉപകരണങ്ങൾ വാങ്ങാൻ- 30.38 കോടി
ജലവിഭവ വകുപ്പിന്റെ മൂന്ന് പദ്ധതിക്ക്- 20.51 കോടി
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒരു പദ്ധതിക്ക്- 9.95 കോടി
കായിക വകുപ്പിന്- 4.39 കോടി
വനംവകുപ്പിന്- 67.97കോടി
ടൂറിസം വകുപ്പിന്-29.75കോടി
വ്യവസായവകുപ്പിന്- 8.91കോടി
ഐ.ടി വകുപ്പിന്- 212.87കോടി
Source link