ലൈംഗിക അധിക്ഷേപ പരാതി: ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു
കൊച്ചി: വനിതാ നിർമ്മാതാവ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. മറൈൻഡ്രൈവിലെ എസ്.ഐ.ടി ആസ്ഥാനത്ത് രാവിലെ നടന്ന മൊഴിയെടുക്കൽ ഒന്നരമണിക്കൂർ നീണ്ടു. പരാതിക്കാരി നിർമ്മിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട ആക്ഷേപം ചർച്ചചെയ്യാൻ ചേർന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് കേസ്.
പരാതിയിൽ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
പരാതിക്കാരി പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ച ആളായതിനാലാണ് തന്നെ മൊഴിയെടുക്കാൻ വിളിപ്പിച്ചതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. കമ്മിറ്റിയിൽ പങ്കെടുത്ത 21 പേരെയും വിളിപ്പിച്ചിട്ടുണ്ട്.
അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് വനിതാ നിർമ്മാതാവിനെ അടുത്തിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്താക്കിയിരുന്നു.
Source link