നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: ആരോഗ്യ സർവകലാശാല സംഘം തെളിവെടുത്തു
പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ. സജീവ് (22) ഹോസ്റ്റലിന്റെ മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ആരോഗ്യ സർവകലാശാല തെളിവെടുത്തു. നാല് ഉദ്യോഗസ്ഥരാണ് ഇന്നലെ കോളേജിലെത്തിയത്. മന്ത്രി വീണാജോർജിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. അമ്മുവിന്റെ ക്ളാസ് മുറിയും ഹോസ്റ്റലും സംഘം സന്ദർശിച്ചു. അമ്മുവിന്റെ പിതാവ് സജീവ് രണ്ടാഴ്ച മുമ്പ് നൽകിയിരുന്ന പരാതിയിൽ കോളേജ് സ്വീകരിച്ച നടപടികളുടെ രേഖകൾ പ്രിൻസിപ്പൽ കൈമാറി. പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സഹപാഠികളായ കുട്ടികളിൽനിന്ന് അമ്മുവിനുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇരുകൂട്ടരെയും വിളിച്ച് അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.
പെൺകുട്ടികളുടെ മൊഴിയെടുത്തു
സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് പെൺകുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇവരുടെ ഫോൺ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അമ്മുവിന്റെ പിതാവ് സജീവ് ഉന്നത അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സഹപാഠികളായ മൂന്ന് പേരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പരാതി.
രണ്ട് ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടി
തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപയും കണ്ണൂർ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായുള്ള നിർമ്മാണ പ്രവൃത്തികൾക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാർഡിന് നൽകിയത്.
പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതിനായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് ബേസ്മെന്റ് ഫ്ളോർ, ഗ്രൗണ്ട് ഫ്ളോർ, ഫസ്റ്റ് ഫ്ളോർ എന്നിവയുടെ നിർമ്മാണത്തിനായി ഒന്നാം ഘട്ടത്തിൽ 19.75 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. കെട്ടിടത്തിന്റെ രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂർത്തീകരണത്തിനായാണ് 25 കോടി രൂപ അനുവദിച്ചത്.
Source link