KERALAM

സ്വിംഗ് സ്റ്റേറ്റുകളിൽ ട്രംപിന് മുന്നേറ്റം, നോർത്ത് കരോലീനയും പിടിച്ചു; 247 ഇലക്‌ടറൽ വോട്ടുകളുമായി മുന്നിൽ

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് എണ്ണിത്തുടങ്ങി നാല് മണിക്കൂർപിന്നിടുമ്പോൾ 247 ഇലക്‌ടറൽ വോട്ടുകളുമായി ഡൊണാൾഡ് ട്രംപ് മുന്നിലാണ്. 214 വോട്ടുകളുമായി കമല ഹാരിസ് തൊട്ടുപിന്നിലുണ്ട്. ആകെയുള്ള 538 ഇലക്‌ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാവും.

അലബാമ, അർകെൻസ, ഫ്ലോറിഡ, ലൂസിയാന, മിസോറി, മിസിസിപ്പി, മൊണ്ടാന, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, ടെനിസി, ടെക്‌സസ്, യൂട്ടാ, വെസ്റ്റ് വിർജീനിയ, വയോമിംഗ്, കാൻസസ് എന്നീ സംസ്ഥാനങ്ങളിൽ ട്രംപിനാണ് മുന്നേറ്റം. കൊളറാഡോ, കനക്‌ടികട്ട്, ഡെലവെയർ, ഇലിനോയ്, മസാച്യുസിറ്റ്‌സ്, മേരിലാൻഡ്, ന്യൂജഴ്‌സി, ന്യൂയോർക്ക്, റോയ് ഐലൻഡ്, വെർമോണ്ട് എന്നീ സംസ്ഥാനങ്ങളിൽ കമലയാണ് ഒന്നാമത്.

സ്വിംഗ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണ് മുന്നിൽ. സ്വിംഗ് സ്റ്റേറ്റുകളുടെ ഫലമാണ് പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ഇതിൽ നിർണായകമായ നോർത്ത് കരോലീനയിൽ ട്രംപ് ജയിച്ചു. ആദ്യ ഫലസൂചനകൾ ട്രംപിന് അനുകൂലമായതിന് പിന്നാലെ ഇലോൺ മസ്‌ക് രംഗത്തെത്തി. ട്രംപുമൊത്തുള്ള ചിത്രമാണ് അദ്ദേഹം എക്‌സിൽ പങ്കുവച്ചത്.

തിരഞ്ഞെടുപ്പിൽ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കമല ഹാരിസ് ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായാൽ അതും ചരിത്രമാകും. 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.


Source link

Related Articles

Back to top button