”രാഷ്ട്രീയ പാർട്ടി കമലഹാസൻ രൂപീകരിക്കേണ്ടതുണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്”
ഞാൻ നായകനായ മാന്യശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേള. ഞാൻ തന്നെയാണ് സംവിധായകനും നിർമ്മാതാവും. മാർത്താണ്ഡൻ തമ്പി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കൈനിക്കര കുമാരപിള്ളയുടേതായിരുന്നു തിരക്കഥ. സിനിമയുടെ ക്ലൈമാക്സിനടുത്തുള്ള പാട്ടിൽ എന്റെ നൃത്തമുണ്ട്. എന്റെ ശരീരം അതിനു വഴങ്ങുമോ എന്ന ടെൻഷൻ എനിക്ക് നന്നായിട്ടുണ്ട്.
തങ്കപ്പൻ മാസ്റ്ററാണ് ഡാൻസ് മാസ്റ്റർ. കൂടയൊരു പയ്യനുമുണ്ട്. തങ്കപ്പൻ മാസ്റ്റർ എനിക്ക് ചില സ്റ്റെപ്പുകളൊക്കെ പറഞ്ഞു തന്നു. എനിക്കങ്ങോട്ടു ശരിയാകുന്നില്ല. അപ്പോഴാണ് കൂടെവന്ന സ്മാർട്ട് ബോയ് ‘സാർ ഇതുപോലെ ചെയ്യൂ’ എന്നു പറഞ്ഞ് എന്നെ ഡാൻസ് പഠിപ്പിച്ചത്. അവൻ പറഞ്ഞത് ഞാൻ അനുസരിച്ചു. പിന്നെ ധൈര്യത്തോടെ ക്യാമറയ്ക്കു മുന്നിലെത്തി ചുവടുകൾ വച്ചു. എന്നെ ഡാൻസ് പഠിപ്പിച്ച ആ കൗമാരക്കാരനാണ് പിന്നീട് ഉലക നായകനായ കമലഹാസൻ.
ബാലതാരമായി അഭിനയിച്ചശേഷം പിന്നീട് അഭിനയരംഗത്ത് കമൽ സജീവമാകും മുമ്പായിരുന്നു കോറിയോഗ്രാഫറുടെ വേഷം. 1974ലാണ് സിനിമ റിലീസ് ചെയ്തത്. കമലഹാസൻ അക്കാലത്ത് എം.ജി.ആർ, ജയലളിത തുടങ്ങിയവരുടെ അസിസ്റ്റന്റ് ഡാൻസ് ഡയറക്ടറായും പ്രവർത്തിച്ചുവെന്ന് പിന്നീടറിഞ്ഞു. ആള് നിസാരക്കാരനല്ലെന്ന് അന്നേ തോന്നിയിരുന്നു. ചെയ്യുന്ന ജോലി അത്രമേൽ ആത്മാർത്ഥതയോടെയാണ് ചെയ്തിരുന്നത്. എന്റെയൊപ്പം ഈറ്റ ഉൾപ്പെടെ മൂന്നുനാലു സിനിമകളിൽ അഭിനയിച്ചു. ഈറ്റയിൽ കമലിന്റെ അച്ഛന്റെ വേഷമായിരുന്നു എനിക്ക്.
വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു എന്നോടു പെരുമാറിയിരുന്നത്. രാജ്യം അറിയപ്പെടുന്ന നടനായപ്പോഴും വിനയം സൂക്ഷിച്ചു. അഭിനയിച്ച വേഷങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. നമ്മൾ തമ്മിൽ കണ്ടിട്ട് 7 വർഷമായി. പ്രതിഭ കൊണ്ടു മാത്രമായിരുന്നില്ല, പ്രയത്നം കൊണ്ടു കൂടിയായിരുന്നു കമൽ താരമായി വളർന്നത്.
കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുമായിരുന്നു. ഇന്നത്തെ പോലെ സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന കാലത്തായിരുന്നു കമൽ തന്റെ ശരീരത്തെ കഥാപാത്രത്തിനനുസരിച്ച് മാറ്റിക്കൊണ്ടിരുന്നത്. അഭിനയത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകൾ പറിച്ചെറിയാൻ മടിയില്ലാത്ത സാഹസികനെ ഞാൻ കൗതുകത്തോടെയാണ് കണ്ടിരുന്നത്.
സാഗരസംഗമത്തിലെ ക്ലാസിക്കൽ ഡാൻസർ, നായകൻ എന്ന ചിത്രത്തിൽ വേലുനായ്ക്കൻ, അപൂർവ സഹോദരങ്ങളിലെ അപ്പു, ഇന്ത്യനിലെ സേനാപതിയും അവ്വൈഷൺമുഖിയിലെ മൈലാപ്പൂർ മാമി… ഇങ്ങനെ പറഞ്ഞു പോയാൽ അവസാനിക്കില്ല കമൽ തീർത്ത അത്ഭുതങ്ങൾ.
മലയാളത്തോട് പ്രത്യേക സ്നേഹം
ഏതു കഥാപാത്രമായാലും അതിലെല്ലാം തന്റേതായ കൈയൊപ്പു പതിയണമെന്ന് ആഗ്രഹിച്ച കലാകാരൻ. ദശാവതാരത്തിൽ പത്തു വേഷങ്ങൾ. ഇതൊക്കെ മറ്റേത് നടന് സാധിക്കും. ഞാൻ കണ്ട അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഒന്നും മോശമായി തോന്നിയിട്ടില്ല. കമലഹാസന് മലയാളത്തിനോടും കേരളത്തിനോടും ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. അതദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികൾക്കും അതുപോലെ തന്നെ. തമിഴ്നടനായിട്ടല്ല, നമ്മുടെ സ്വന്തമായിട്ടാണ് കമലിനെ കണ്ടിട്ടുള്ളത്. 65 വർഷത്തെ അഭിനയ ജീവിതമുള്ള വേറൊരു നടൻ ലോകത്തില്ലെന്നാണ് എന്റെ അറിവ്. രാഷ്ട്രീയ പാർട്ടി കമലഹാസൻ രൂപീകരിക്കേണ്ടതുണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. ആ സമയം സിനിമയ്ക്കു വേണ്ടിയും കലയ്ക്കു വേണ്ടിയും ചെലവഴിക്കാമായിരുന്നു. കാരണം കമലഹാസൻ എന്ന പ്രതിഭാശാലിയിൽ നിന്നും ഈ നാട് ഇനിയും ഏറെ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിനു മുന്നിൽ കാലം ഇനിയുമുണ്ട്.
Source link