മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ ഇനി പണം തരണം, ഒപി ടിക്കറ്റിന് 10 രൂപ ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റെടുക്കാൻ ഇനിമുതൽ പണം നൽകണം. മുൻപ് സൗജന്യമായിരുന്ന ഒ.പി ടിക്കറ്റിനാണ് ഇപ്പോൾ ആദ്യമായി നിരക്കേർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. അതേസമയം ബിപിഎൽ വിഭാഗത്തിന് ഒ.പി ടിക്കറ്റെടുക്കാൻ സൗജന്യമായിരിക്കും എന്ന് അറിയിപ്പുണ്ട്. ആശുപത്രി വികസന സമിതിയുടെ അറിയിപ്പിൽ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്

അതേസമയം സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂർ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കും. 1872ൽ സ്ഥാപിച്ച കുതിരവട്ടത്ത് 20 ഏക്കർ ഭൂമിയിൽ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. മാസ്റ്റർ പ്ലാൻ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിർമ്മാണ പ്രവർത്തികൾക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാർഡിന് നൽകിയത്. അതിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇൻ പേഷ്യന്റ് ബ്ലോക്ക് നിർമ്മാണത്തിനാണ് 28 കോടി രൂപ നബാർഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റർ സ്‌ക്വയർ ആണ്. 120 കിടക്കകളുള്ള ഫാമിലി വാർഡ് ആണ് ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നത്. ഒപി, ചൈൽഡ് ഒപി, ഐപി എന്നിവയാണ് നിർമ്മിക്കുന്നത്.

പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ അത്യാധുനിക സ്‌പെഷ്യാലിറ്റി ആശുപത്രി ആയി ഉയർത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ആറ് നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് ബേസ്‌മെന്റ് ഫ്‌ളോർ, ഗ്രൗണ്ട് ഫ്‌ളോർ, ഫസ്റ്റ് ഫ്‌ളോർ എന്നിവയുടെ നിർമ്മാണത്തിനായി ഒന്നാം ഘട്ടത്തിൽ 19.75 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നതായും മന്ത്രി അറിയിച്ചു.


Source link
Exit mobile version