പൂരനഗരിയിലേക്കുള്ള ആംബുലൻസ് യാത്ര; നിയമവിരുദ്ധ ഉപയോഗത്തിന് സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ: തൃശൂർ പൂര സമയത്ത് ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സുരേഷ് ഗോപി എംപിക്കെതിരെ കേസ്. ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.
തൃശൂർ പൂരം കലങ്ങിയ ദിവസം പുലർച്ചെ മൂന്ന് മണിയോടെ സുരേഷ് ഗോപി തിരുവമ്പാടിയിലെത്തിയത് സേവാ ഭാരതിയുടെ ആംബുലൻസിലായിരുന്നു. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നൽകിയ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ആറുമാസംവരെ തടവുകിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസിൽ യാത്ര ചെയ്തു, മനുഷ്യജീവന് ഹാനി വരാൻ സാദ്ധ്യതയുള്ള തരത്തിൽ ആംബുലൻസ് സഞ്ചരിച്ചു, ജനത്തിരക്കിനിടയിലൂടെ ആംബുലൻസിന്റെ നിയമപരമായ ഉദ്ദേശങ്ങളെ മുഴുവൻ കാറ്റിൽപ്പറത്തി തുടങ്ങിയ കാര്യങ്ങളും എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരൻ മോട്ടോർ വാഹനവകുപ്പിനും പരാതി നൽകിയിരുന്നു.
പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അന്ന് താൻ പോയതെന്നും സ്ഥലത്ത് കാറിലാണ് എത്തിയതെന്നുമായിരുന്നു സുരേഷ് ഗോപി മുൻപ് പറഞ്ഞത്. പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ സുരേഷ് ഗോപിയുടെ വാദം തള്ളിയിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണെന്നും റൗണ്ട് വരെ വന്നത് തന്റെ കാറിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. മാത്രമല്ല സുരേഷ് ഗോപി പൂരനഗരിയിൽ ആംബുലൻസിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
Source link