തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ പരീക്ഷ 25മുതൽ ഡിസംബർ 6വരെ നടത്തും. സമാന കോഴ്സുകളിലെ പരീക്ഷ ഒറ്റ ദിവസമായിരിക്കും നടത്തുക. ആറ് പേപ്പറുകളാണ് ആദ്യ സെമസ്റ്ററിലുള്ളത്. 155 കോളേജുകളിലായി 23000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 65 വ്യത്യസ്ത കോഴ്സുകളാണുള്ളത്. കഴിഞ്ഞവർഷം യൂണിവേഴ്സിറ്റി പഠനവകുപ്പിൽ നാലുവർഷ ബിരുദ കോഴ്സ് തുടങ്ങിയെങ്കിലും അഫിലിയേറ്റഡ് കോളേജുകളിലെ ആദ്യ ബാച്ചാണിത്. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കും. നാലുവർഷ ബിരുദത്തിൽ ഒന്നിടവിട്ട സെമസ്റ്ററുകൾ കോളേജുകളിലും വാഴ്സിറ്റിയിലുമാണ് മൂല്യനിർണയം നടത്തുന്നത്. ആദ്യ സെമസ്റ്ററിന്റെ മൂല്യനിർണയം കോളേജുകളിലാണ്. ഓരോ കോളേജിലും ഓരോ ക്യാമ്പുകളും ക്യാമ്പ് ഡയറക്ടറുമുണ്ടാവും. രണ്ട് മണിക്കൂർ പരീക്ഷകളുടെ 40പേപ്പറുകളും ഒന്നര മണിക്കൂർ പരീക്ഷയുടെ 50പേപ്പറും ഒരു അദ്ധ്യാപകൻ ഒരു ദിവസം മൂല്യനിർണയം നടത്തണം. അതത് ദിവസം തന്നെ മാർക്ക് വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം. പരീക്ഷാ കലണ്ടർ പ്രകാരം അതിവേഗം മൂല്യനിർണയം നടത്തി ഡിസംബർ 20നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു.
ബിരുദകോഴ്സ്
വേഗത്തിലാക്കാൻ
യു.ജി.സി മാർഗരേഖ
ന്യൂഡൽഹി : വിദ്യാർത്ഥികൾക്ക് മൂന്നുവർഷ ബിരുദകോഴ്സ് രണ്ടര വർഷം കൊണ്ടും, നാലുവർഷ ബിരുദകോഴ്സ് മൂന്നുവർഷം കൊണ്ടും പൂർത്തിയാക്കാൻ യു.ജി.സി മാർഗരേഖ വരുന്നു. വേഗത്തിൽ പഠിച്ച് ഉന്നതവിദ്യാഭ്യാസത്തിനും, ജോലിക്കും ശ്രമിക്കുന്നവർക്ക് ഇതു മുതൽക്കൂട്ടാകും.
ബിരുദ കോഴ്സ് പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയവും ലഭ്യമാക്കും. മൂന്നുവർഷത്തിന് പകരം നാലുവർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാം. നാലുവർഷത്തിന് പകരം പഠനകാലാവധി അഞ്ചുവർഷമാക്കാം. 2025-26 അദ്ധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് യു.ജി.സി അദ്ധ്യക്ഷൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി സമിതിയുടെ ശുപാർശയാണ് നടപ്പാക്കുന്നത്.
ആശങ്കയറിയിച്ച് അക്കാഡമിക് വിദഗ്ദ്ധർ
ഇപ്പോൾ തന്നെ ബിരുദ കോഴ്സിന്റെ ഉള്ളടക്കം കുറവാണ്. പുതിയ മാറ്റം ഉള്ളടക്കം വീണ്ടും കുറയ്ക്കുമെന്ന് ഡൽഹി സർവകലാശാല പ്രൊഫസർ മിതുരാജ് ധുസിയ പ്രതികരിച്ചു.
Source link