തൃശൂർ: പൊലീസ് മനഃപൂർവം പ്രശ്‌നങ്ങളുണ്ടാക്കിയതാണ് തൃശൂർ പൂരം തടസപ്പെടാൻ കാരണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ മൊഴി നൽകി. പൂരം കലക്കലുമായി ബന്ധപ്പെട്ട് നടത്തുന്ന ത്രിതല അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് മൊഴിയെടുത്തത്. പൊലീസ് ക്ലബിൽ രാവിലെ 10മുതൽ വൈകിട്ട് മൂന്നുവരെയാണ് മൊഴിയെടുപ്പ് തുടർന്നത്. വെടിക്കെട്ടിന് രാത്രി രണ്ടു മണിക്ക് വഴികൾ അടയ്ക്കാമെന്നായിരുന്നു ധാരണ. എന്നാൽ, രാത്രി 10ന് തന്നെ എല്ലാ വഴികളും അടച്ചു. ഇതോടെ മഠത്തിൽ വരവടക്കമുള്ളവ നടത്താനാകാതെ തടസപ്പെട്ടു. 2023ലെ പൂരത്തിനും ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഉണ്ടായി. അതിനാൽ ഇത്തവണ പൊലീസ് പ്രശ്‌നമുണ്ടാക്കിയാൽ പ്രതികരിക്കാൻ തീരുമാനിച്ചിരുന്നു. അതിന് ദേവസ്വം ജനറൽബോഡി പൂർണ പിന്തുണ നൽകി. ഇതേത്തുടർന്നാണ് പൊലീസ് മനഃപൂർവം തടസമുണ്ടാക്കിയപ്പോൾ എല്ലാം നിറുത്തിവച്ചത്. നഗരവും പരിസരവും പൊലീസ് അടച്ചുപൂട്ടിയതോടെ വെടിക്കെട്ട് നടത്തേണ്ടെന്ന് തീരുമാനിക്കേണ്ടി വന്നു. പിന്നീട് നടത്തിയ ചർച്ചയിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തി.
പൊലീസിന്റെ പിടിവാശിയാണ് വെടിക്കെട്ട് പകൽ നടത്തി അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കിയത്. പൂരം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി അജിത്കുമാർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തെയാണ് പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. ഈ റിപ്പോർട്ട് സർക്കാർ തള്ളിയശേഷമാണ് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ബി.എ.ഉല്ലാസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.
Source link