‘എം.എസ് സുബ്ബലക്ഷ്മിയുടെ പേരിൽ ടി.എം. കൃഷ്ണയ്ക്ക് പുരസ്കാരം നൽകരുത്’: തടഞ്ഞ് മദ്രാസ് ഹൈക്കോടതി – TM Krishna | MS Subbalakshmi | Madras High Court | Kalanidhi Award | Latest News | Manorama Online
‘എം.എസ് സുബ്ബലക്ഷ്മിയുടെ പേരിൽ ടി.എം. കൃഷ്ണയ്ക്ക് പുരസ്കാരം നൽകരുത്’: തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ഓൺലൈൻ ഡെസ്ക്
Published: November 19 , 2024 03:52 PM IST
1 minute Read
ടി.എം.കൃഷ്ണ
ചെന്നൈ∙ എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ‘ദ് ഹിന്ദു’വിന് സംഗീത കലാനിധി പുരസ്കാരവും ക്യാഷ് പ്രൈസും ടി.എം കൃഷ്ണയ്ക്ക് നൽകാമെന്നും എന്നാൽ അത് എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിൽ നൽകരുതെന്നും കോടതി വ്യക്തമാക്കി. എം.എസ്.സുബ്ബലക്ഷ്മിയുടെ ആഗ്രഹത്തിനും ഉത്തരവിനും എതിരാണ് പുരസ്‌കാരമെന്ന് ചൂണ്ടിക്കാട്ടി കൊച്ചുമകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. എം.എസ്.സുബ്ബലക്ഷ്മിയുടെ കൊച്ചുമകൻ ശ്രീനിവാസൻ നൽകിയ കേസ് ചോദ്യം ചെയ്ത് മദ്രാസ് മ്യൂസിക് അക്കാദമി നൽകിയ അപേക്ഷയും ഹൈക്കോടതി ഇതോടൊപ്പം തള്ളി.
‘‘പരേതയായ ഒരു ആത്മാവിനെ ആദരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം അവരുടെ ആഗ്രഹത്തെ ബഹുമാനിക്കുകയും അവരെ അനാദരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. ആർക്കെങ്കിലും യഥാർഥത്തിൽ എം.എസ്. സുബ്ബലക്ഷ്മിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ, അവരുടെ ആഗ്രഹം മനസ്സിലാക്കി, അവരുടെ പേരിലുള്ള അവാർഡ് നൽകുന്നത് തുടരാതിരിക്കുകയാണ് വേണ്ടത്.’’ – ജസ്റ്റിസ് ജി.ജയചന്ദ്രന്‍ വ്യക്തമാക്കി.
ടി.എം.കൃഷ്ണ സമൂഹമാധ്യമത്തിൽ സുബ്ബലക്ഷ്മിക്കെതിരെ നിന്ദ്യവും അപകീർത്തികരവുമായ പരാമർശം നടത്തുകയാണെന്നും അന്തരിച്ച ഗായികയുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുകയാണെന്നും കൊച്ചുമകൻ ശ്രീനിവാസൻ കോടതിയിൽ വാദിച്ചിരുന്നു. 1997 ഒക്ടോബർ 30ന് തയാറാക്കിയ എം.എസ്.സുബ്ബലക്ഷ്മിയുടെ അവസാന വിൽപത്രത്തിൽ തന്റെ പേരിലോ സ്മരണയിലോ ഫണ്ടോ സംഭാവനകളോ നൽകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീനിവാസൻ കോടതിയെ അറിയിച്ചിരുന്നു.
English Summary:
Madras High Court Restrains Awarding T.M. Krishna with Prize Named After M.S. Subbulakshmi
3dshjpr45r7q7s73kckjs3ks74 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-entertainment-music-t-m-krishna mo-news-world-countries-india-indianews mo-judiciary-madrashighcourt mo-entertainment-music-mssubulakshmi
Source link