കാറിടിച്ച് ബസ് ചക്രങ്ങൾ പാടേ ഊരിത്തെറിച്ചു
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ കാറിടിച്ച് ബസിന്റെ പിന്നിലെ ചക്രങ്ങൾ ഊരിത്തെറിച്ചു. കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര കോട്ടപ്പുറത്താണ് വിചിത്രമായ സംഭവം. ബസിന്റെ നാല് ടയറും പാടെ ഊരിത്തെറിക്കുന്ന ദൃശ്യം അമ്പരപ്പോടെയാണ് ജനങ്ങൾ കണ്ടത്.
കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ഓർഡിനറി ബസിന്റെ വലതുവശത്ത് മദ്ധ്യഭാഗത്തേക്കാണ് കാർ ഇടിച്ചത്. ഇടിയെത്തുടർന്ന് ബസിന്റെ പിൻഭാഗത്തെ നാല് ടയറുകളും ആക്സിൽ ഉൾപ്പടെ സെറ്റോടെ ഇളകിത്തെറിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവർ പുനലൂർ ഇളമ്പൽ സ്വദേശി ഹാബേലിനെ പരിക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിന്റെ എയർബാഗ് പ്രവർത്തിച്ചതിനാൽ പരിക്ക് ഗുരുതരമല്ല. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. പുനലൂർ ഭാഗത്തുനിന്ന് വന്നതാണ് കാർ. ബസിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ടയറുകൾ ഊരിത്തെറിച്ചെങ്കിലും മറ്റ് അപകടമുണ്ടാകാത്ത വിധം ബസ് നിറുത്താൻ കഴിഞ്ഞു. പൊലീസും ഫയർഫോഴ്സുമെത്തി രക്ഷാപ്രവർത്തനം നടത്തി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Source link