KERALAM

ഉരുൾപൊട്ടൽ ദുരന്തം; കേന്ദ്രത്തിനെതിരെ പ്രതിഷേധം, വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ ആരംഭിച്ചു

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഹർത്താൽ ആരംഭിച്ചു. എൽഡിഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താലിന് വിവിധ സംഘടനകളും കൂട്ടായ്മകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ, ഇലക്ഷൻ വാഹനങ്ങൾ, മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾ, ആശുപത്രി ,പാൽ,പത്രം തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. കെഎസ്ആർടിസി ബസ് സ‌ർവീസ് നടത്തുന്നുണ്ട്. പൊലീസ് സംരക്ഷണയിൽ ദീർഘദൂര ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്‌ആർടിസി നേരത്തെ അറിയിച്ചിരുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്താൻ സാദ്ധ്യതയില്ല. ഒരേ ആവശ്യമുന്നയിച്ച് എൽഡിഎഫും യുഡിഎഫും ഒരേ ദിവസം ഹർത്താൽ നടത്തുന്നത് അടുത്തകാലത്ത് ഇതാദ്യമാണ്. എൽഡിഎഫ് കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധവുമായാണ് യുഡിഎഫ് ഹർത്താൽ. ദുരന്തമേഖല നേരിട്ട് സന്ദർശിച്ചശേഷം നൽകിയ ഉറപ്പുപാലിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് എൽഡിഎഫ് യുഡിഎഫ്‌ നേതാക്കൾ ആവശ്യപ്പെട്ടു.

ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രവർത്തകർ കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും. ദുരന്തബാധിതരും സമരത്തിൽ അണിനിരക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു. എൽഡിഎഫ് പ്രാദേശികമായി വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും.


Source link

Related Articles

Back to top button