INDIALATEST NEWS

ഏഷ്യയിലെ ഏറ്റവും വലിയ ചേരി; കോൺഗ്രസിന്റെ ഉരുക്കുകോട്ട: ധാരാവിയിൽ പോരാട്ടം അദാനിയുടെ പേരിൽ

ഏഷ്യയിലെ ഏറ്റവും വലിയ ചേരി; ധാരാവിയിൽ പോരാട്ടം അദാനിയുടെ പേരിൽ – Maharashtra Election | Dharavi | Adani | Latest News | Malayala Manorama

ഏഷ്യയിലെ ഏറ്റവും വലിയ ചേരി; കോൺഗ്രസിന്റെ ഉരുക്കുകോട്ട: ധാരാവിയിൽ പോരാട്ടം അദാനിയുടെ പേരിൽ

മനോരമ ലേഖകൻ

Published: November 19 , 2024 10:58 AM IST

1 minute Read

ഗൗതം അദാനി, ധാരാവി (ഫയൽ ചിത്രം)

മുംബൈ ∙ മുംബൈയുടെ ഹൃദയഭാഗത്താണ് ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരി. ആകാശത്തു നിന്നു നോക്കിയാൽ ആയിരക്കണക്കിനു തകരപ്പാട്ടകൾ വിതറിയിട്ടിരിക്കുന്നതുപോലെ തോന്നും. ഓരോന്നും ഓരോ കുടിലുകൾ. ലക്ഷക്കണക്കിനു മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഭൂമി. അയ്യായിരത്തോളം ചെറുകിട വ്യവസായ സംരംഭങ്ങളുമുണ്ട് ധാരാവിയിൽ.

ഇതേ രൂപത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ ധാരാവിയെ കാണാൻ കഴിഞ്ഞെന്നു വരില്ല; ചേരി പുനർനിർമാണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് ധാരാവി ഏറ്റെടുത്തു കഴിഞ്ഞു. ഇനി കുടിയൊഴിപ്പിക്കലിന്റെ നാളുകളാണ്. അർഹതപ്പെട്ടവർക്ക് 350 ചതുശ്രയടിയുള്ള ഫ്ലാറ്റുകൾ ലഭിക്കുമെങ്കിലും വേണ്ടത്ര രേഖകളില്ലാതെ വർഷങ്ങളായി താമസിക്കുന്നവർ ഇടമില്ലാത്തവരാകും. വാടകയ്ക്കും മറ്റും കഴിയുന്നവരും ചെറുകച്ചവടസ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നവരും ആശങ്കയിലാണ്.

കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ധാരാവിയിൽ മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗായ്ക്‌വാഡിന്റെ സഹോദരി ഡോ. ജ്യോതി ഗായ്ക്‌വാഡ് കന്നിമത്സരത്തിനായി ഇറങ്ങുന്നു. വർഷ ലോക്സഭാ എംപിയായതോടെ സഹോദരിക്ക് സീറ്റ് ഉറപ്പിക്കുകയായിരുന്നു. 3 പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ ശക്തികേന്ദ്രമാണു മണ്ഡലം. വർഷയ്ക്ക് മുൻപ് പിതാവ് ഏക്നാഥ് ഗായ്ക്‌വാഡാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
അദാനിയും ധാരാവിയും പുനർവികസനവും തന്നെയാണ് കോൺഗ്രസിന്റെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു. അഘാഡി നേതാക്കളായ ഉദ്ധവ് താക്കറെയും രാഹുൽ ഗാന്ധിയും അദാനിയുമായുള്ള കരാറിനെ എതിർക്കുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ പുതിയ കരാർ വിളിക്കുകയും 500 ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾ നൽകുമെന്നുമാണ് ഇവരുടെ വാഗ്ദാനം. കുടിയിറക്കപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കുമെന്ന ഉറപ്പും നൽകുന്നു. എല്ലാ വിഭാഗം ജനങ്ങളും അധിവസിക്കുന്ന ധാരാവിയിൽ ദക്ഷിണേന്ത്യക്കാരും ഏറെയുണ്ട്. ഷിൻഡെ സേനയിലെ രാജേഷ് ഖാന്ധാരെയാണ് ജ്യോതിയുടെ പ്രധാന എതിരാളി. ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ മനോഹർ കേദാരിയും ഇവിടെ മത്സരിക്കുന്നു.

‘മഹാപോരാട്ടത്തിൽ’ വോട്ട് മറിക്കുമോ സ്വതന്ത്രർ; ആശങ്കയിൽ മുന്നണികൾ
മിക്ക മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാർഥികൾ ഫലം അട്ടിമറിക്കുമോ എന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ. സ്വതന്ത്രരിൽ വളരെ ചെറിയ ശതമാനം മാത്രമേ വിജയിക്കാറുള്ളൂ; പക്ഷേ, സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് ഭിന്നിപ്പിക്കാൻ ഇവർക്കാകും. ഇത്തവണ ആകെ 4136 സ്ഥാനാർഥികളിൽ 2087 പേരും സ്വതന്ത്രരാണ്. 2019ൽ മത്സരിച്ച 1400 പേരിൽ പ്രകാശ് അവാഡെ, മഞ്ജുള ഗാവിത്, രവി റാണ എന്നിവരടക്കം 13 പേരാണ് വിജയിച്ചത്. ‍ഔദ്യോഗിക സ്ഥാനാ‍ർഥികളുടെ പേരിൽ എതിർചേരി നിർത്തുന്നവരും ഭീഷണിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്വതന്ത്രരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുമുണ്ട്.

1990 നിയമസഭാ തിരഞ്ഞെടുപ്പിൽ 141 സീറ്റുമായി കേവലഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന കോൺഗ്രസിന് സഹായമായത് സ്വതന്ത്രരായി വിജയിച്ച 13 പേരിൽ 12 എംഎൽഎമാരുടെ പിന്തുണയാണ്. 1995ലെ അവിഭക്ത ശിവസേന–ബിജെപി സഖ്യസർക്കാർ രൂപീകരണത്തിലും 1999ലെ അവിഭക്ത എൻസിപി–കോൺഗ്രസ് സഖ്യസർക്കാർ രൂപീകരണത്തിലും സ്വതന്ത്രരുടെ സാന്നിധ്യം നിർണായകമായി. ഏറ്റവും കൂടുതൽ സ്വതന്ത്രർ മത്സരിച്ച 1995ൽ 45 പേരാണ് ജയിച്ചു കയറിയത്. ഇത്തവണ ഇരുമുന്നണികൾക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാനാകാത്ത സാഹചര്യത്തിൽ ചെറുപാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

English Summary:
Asia’s largest slum: The battle for Dharavi is in Adani’s name

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-states-maharashtra-dharavi mo-news-world-countries-india-indianews mo-news-common-mumbainews 6gesnkolkasin4p05recok00dd mo-politics-elections-maharashtraassemblyelection2024


Source link

Related Articles

Back to top button