KERALAMLATEST NEWS

ചേലക്കരയിൽ മുഖ്യമന്ത്രി, പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്ത്

തൃശൂർ: മുണ്ടക്കൈ,​ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേലക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വരവൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇത് ഗുരുതരമായ പ്രശ്‌നമാണ്. പഴകിയ സാധനങ്ങൾ കൊടുക്കാൻ പാടില്ലെന്നുപറഞ്ഞ സർക്കാരിന്റെ ഭാഗമായി നിൽക്കേണ്ട പ്രാദേശിക സർക്കാരാണ് പഴയഅരി വിതരണം ചെയ്തത്. അത് അന്വേഷിക്കണം. ഇപ്പോഴത്തെ സംഭവം ആശ്ചര്യകരമാണ്. വിശദ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തി. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നുവെന്ന് വരുത്തി ത്തീർത്ത് അതിന്റെ മേന്മ നേടാനാണോ ഇതെന്ന് പരിശോധിക്കണം.

തൃശൂർ പാർലമെന്റ് അംഗത്വം നേടിയെന്ന് ബി.ജെ.പി മേനി നടിക്കുന്നുണ്ട്. എന്നാൽ അതിനുപിന്നിൽ നടന്ന അന്തർ നാടകങ്ങൾ പരസ്യമാണ്. അതിന്റെ കണക്കുകൾ മുന്നിലുണ്ട്. 2019ലും 2024ലും കോൺഗ്രസിന് കിട്ടിയ വോട്ട് പരിശോധിച്ചാൽ മതി. കോൺഗ്രസുകാർക്ക് അംഗീകാരമുള്ള പേരാണ് മുരളീധരന്റേത്. മുരളീധരൻ കോൺഗ്രസ് വോട്ട് വാങ്ങാൻ പറ്റാത്ത ആളാണോ. 87,000 ഓളം വോട്ട് കാണാതെപോയി. എവിടേക്ക് പോയന്നറിയാൻ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വോട്ടിലേക്ക് നോക്കിയാൽ മതി. എൽ.ഡി.എഫ് സ്ഥാനാർത്ഥി തൃശൂരിൽ വോട്ട് വർദ്ധിപ്പിച്ചു. കോൺഗ്രസ് വോട്ട് കൂടി ചേർന്നപ്പോഴാണ് ബി.ജെ.പി ജയിച്ചത്.

കേന്ദ്രം അവഗണിച്ചു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും രണ്ട് വിഭാഗമായിരുന്നെങ്കിലും ഒരു മനസോടെ പ്രവർത്തിച്ചു. എൽ.ഡി.എഫിനെ അപകീർത്തിപ്പെടുത്താൻ ഇരുകൂട്ടരും ഒന്നിച്ചിറങ്ങി. ജനങ്ങൾ ആശങ്കയിലാണ്. കേന്ദ്രസഹായം എന്തുകൊണ്ട് വൈകുന്നുവെന്നാണ് അവർ ചോദിക്കുന്നത്. ദുരന്തം ഏറ്റുവാങ്ങിയ ചില സംസ്ഥാനങ്ങളിൽ കേന്ദ്രസഹായമെത്തി. അത് നല്ല കാര്യം, അതിന് എതിരല്ല. പക്ഷേ ആ കൂട്ടത്തിൽ കേരളമില്ല. എന്തുകൊണ്ട് കേരളം അതിൽ പെട്ടില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.രാജൻ, അഹമ്മദ് ദേവർ കോവിൽ എം.എൽ.എ, സി.എൻ.ജയദേവൻ എന്നിവരും സംസാരിച്ചു.


Source link

Related Articles

Back to top button