സന്ദീപ് വാര്യരെ മഹത്വവത്കരിക്കരുത്; ‘ഇദ്ദേഹം ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാമല്ലോ’, ലീഗിനോട് മുഖ്യമന്ത്രി
പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് മാദ്ധ്യമങ്ങൾ മഹത്വവത്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദീപ് വാര്യർ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാൻ പോയ വാർത്ത കണ്ടു. അത് കണ്ടപ്പോൾ പണ്ടത്തെ ഒറ്റപ്പാലത്തെ തിരഞ്ഞെടുപ്പാണ് ഓർമവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സന്ദീപ് വാര്യർ പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങളെ കാണാൻ പോയ വാർത്ത കണ്ടു. അത് കണ്ടപ്പോൾ പണ്ടത്തെ ഒറ്റപ്പാലത്തെ തിരഞ്ഞെടുപ്പാണ് ഓർമ വന്നത്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. ആ തിരഞ്ഞപ്പെടുപ്പിൽ ബാബറി മസ്ജിദ് വിഷയം ഉയർന്നുനിന്നിരുന്നു. ബാബറി മസ്ജിദ് തകർത്തത് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ ആയിരുന്നു. ആ സംഘത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രിയും കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റുമായിരുന്നു. സ്വാഭാവികമായും വലിയ പ്രതിഷേധം ഉണ്ടായി. അന്ന് ശക്തമായ ഒരു വികാരം ഉയർന്നുവന്നു. അതിന് കൂട്ടുനിന്ന കോൺഗ്രസിനും കോൺഗ്രസ് സർക്കാരിനുമെതിരെയും വികാരം ഉയർന്നുവന്നു.
ആ ഘട്ടത്തിൽ നമ്മുടെ കേരളത്തിൽ കോൺഗ്രസിനൊപ്പം മന്ത്രിസഭയിൽ മുസ്ലീം ലീഗ് ഇരിക്കുകയായിരുന്നു. ഇവിടെയും അത് വലിയ അമർഷം സൃഷ്ടിച്ചു. ബാബറി മസ്ജിദ് വിഷയത്തിൽ പ്രതിഷേധിക്കണമെന്ന ആവശ്യം ലീഗ് അണികൾക്കിടയിൽ നിന്ന് ഉയർന്നുവന്നു. പക്ഷേ മന്ത്രി സ്ഥാനം വളരെ പ്രധാനമായി അവർ കണ്ടു. അങ്ങനെ ബാബറി മസ്ജിദ് തകർക്കുന്നതിന് കൂട്ടുനിന്ന കോൺഗ്രസിന്റെ കൂടെ അന്ന് മുസ്ലീം ലീഗ് തുടർന്നു. ഇതിൽ വ്യാപകമായ അമർഷം ലീഗ് അണികളിൽ ഉണ്ടായി. അപ്പോഴാണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വന്നത്. അന്നത്തെ പാണക്കാട് തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന ഒരാൾ ആയിരുന്നു. ഇപ്പോഴത്തെ സാദിഖ്അലി ശിഹാബ് തങ്ങളെ പോലെയല്ല. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാൻ എത്തി. പക്ഷേ തങ്ങളെ കാണാൻ ആരും വന്നില്ല. ലീഗ് അണികൾ ബാബറി മസ്ജിദ് വിഷയത്തിൽ പ്രതിഷേധിച്ചു. ആ പ്രതിഷേധം അന്ന് എന്തിന്റെ ഭാഗമായിരുന്നു.
ലീഗിന് ശരിയായ നിലപാട് എടുക്കാൻ കഴിയാത്തത് കൊണ്ടായിരുന്നു. കോൺഗ്രസിനോട് കൂടെ നിന്ന് അതിന്റെ ഭാഗമായി കോൺഗ്രസ് കാണിച്ച തെറ്റായ നിലപാട് ലീഗ് എതിർക്കാത്തത് കൊണ്ടാണ് ആ പ്രതിഷേധം നടന്നത്. ഇപ്പോൾ ഒരാൾ വന്നപ്പോൾ, ഇന്നലെ വരെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാമല്ലോ? ഇദ്ദേഹം ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാമല്ലോ? അതിന്റെ അമർഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ തണുപ്പിക്കാൻ കഴിയുമോ? അതിന് വേണ്ടിയാണ് ഇതെന്ന് കണ്ടാൽ മനസിലാകും’,- മുഖ്യമന്ത്രി വ്യക്തമാക്കി.
Source link