തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം മത വിദ്വേഷമാക്കാൻ ലീഗ്; കുരുക്കഴിക്കാൻ സി.പി.എം
തിരുവനന്തപുരം: പാലക്കാട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് തൊട്ടുമുമ്പ്, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം മുസ്ലിം മത വിദ്വേഷമായി ആളിക്കത്തിക്കാനുള്ള ലീഗ്, കോൺഗ്രസ് നേതാക്കളുടെ ശ്രമം സി.പി.എമ്മിനെ കുരുക്കിലാക്കി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമർശനം മതപരമായി ചിത്രീകരിച്ച് മുതലെടുക്കാനുള്ള നീക്കം ശക്തമായതോടെ, പ്രതിരോധം തീർത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയത് തിരിച്ചടി ഭയന്നാണെന്നാണ് വ്യാഖ്യാനം.
ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെന്ന മട്ടിലാണ് സാദിഖലി തങ്ങൾ പെരുമാറുന്നതെന്ന മുഖ്യമന്ത്രിയുടെ വിമർശനമാണ് ലീഗിനെ പ്രകോപിപ്പിച്ചത്. സി.പി.എം കൈനീട്ടി സ്വീകരിക്കാനിരുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ യു.ഡി.എഫ് പാളയത്തിലും പിന്നാലെ ആശീർവാദം തേടി പാണക്കാട് കുടുംബത്തിലും എത്തിച്ചേർന്നതിലുള്ള അമർഷമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നാണ് പ്രചാരണം. സാദിഖലി തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി, സന്ദീപ് വാര്യർക്കെതിരെ ഒന്നും പറഞ്ഞതുമില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇത് എൽ.ഡി.എഫിന് തിരിച്ചടിയായാലും പ്രശ്നമില്ല, ബി.ജെ.പിയെ സഹായിക്കണമെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് യു.ഡി.എഫ് വിമർശനം.
പൊറുക്കാനാവാത്ത അപരാധമെന്ന്
മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ചൊൽപ്പടിയിലാണ് മുസ്ലിം ലീഗെന്ന ആക്ഷേപം കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ സി.പി.എം ഉന്നയിച്ചതാണ്. ആ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത മുസ്ലിം വോട്ട് ബാങ്കുകളും തകർന്നടിഞ്ഞതോടെ, ലീഗിനെതിരായ ആക്ഷേപം കടുപ്പിച്ചു. അപ്പോഴും ലീഗിന്റെ ജീവനും ആത്മാവും മതേതരത്വത്തിന്റെ പ്രതീകവുമായി കരുതപ്പെടുന്ന പാണക്കാട് കുടുംബത്തിനെതിരെ നേരിട്ടുള്ള ആക്രമണം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിവാദ ശരങ്ങൾ ഉയരുമ്പോഴും കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ മൃദു സമീപനമാണ് പുലർത്തിയത്. ബാബറി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ പാർട്ടി അണികളുടെ രോഷം തണുപ്പിക്കാനാണ് അന്ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ശ്രമിച്ചതെന്ന് പ്രശംസിച്ച മുഖ്യമന്ത്രി, അതേ ശ്വാസത്തിൽ മുസ്ലിം മത തീവ്രവാദ സംഘടനകളുടെ അനുയായിയാക്കി സാദിഖലി തങ്ങളെ വർഗീയവാദിയായി മുദ്ര കുത്താനാണ് ശ്രമിച്ചതെന്നാണ് ആരോപണം. പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് വേണ്ടെന്നും അവരുടെ സ്ഥാനം ജന ഹൃദയങ്ങളിലാണെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചതും അതിനാലാണ്.
മുനമ്പം പ്രശ്നം നീറി നിൽക്കവെ
മുനമ്പം കുടിയൊഴിപ്പിക്കൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ നേരിട്ടിറങ്ങിയ സാദിഖലി തങ്ങൾ ഇന്നലെ ഇതുസംബന്ധിച്ച് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കാര്യമായ ഒരു നടപടിയും ഇനിയും കൈക്കൊണ്ടിട്ടില്ല. സർവകക്ഷി യോഗം 22ന് ചേരാനിരിക്കുന്നതേയുള്ളൂ. മുനമ്പത്ത് കലാപമുണ്ടാക്കി ബി.ജെ.പിക്ക് വീണ്ടും സുവർണാസരമൊരുക്കാൻ ആഗ്രഹിച്ച മുഖ്യമന്ത്രി, അതില്ലാതാക്കാൻ ശ്രമിച്ചതിനാണ്
സാദിഖലി തങ്ങൾക്കെതിരെ തിരിഞ്ഞതെന്നാണ് ലീഗ്, കോൺഗ്രസ് നേതാക്കളുടെ വിമർശനം. നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ മുസ്ലിം വോട്ടർമാരിലും ഇത് പ്രതിഫലിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഇതിലുള്ള ആശങ്ക സി.പി.എം നേതാക്കളുടെ പ്രതികരണങ്ങളിലും പ്രകടമാണ്.
Source link