ആശുപത്രിയിലെ അതിക്രമം: പരാതി ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഏത് പൊലീസ് സ്റ്റേഷനിലും നൽകാം

ആശുപത്രിയിലെ അതിക്രമം: പരാതി ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഏത് പൊലീസ് സ്റ്റേഷനിലും നൽകാം – Hospital violence: Complaint can be filed in any police station | India News, Malayalam News | Manorama Online | Manorama News

ആശുപത്രിയിലെ അതിക്രമം: പരാതി ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഏത് പൊലീസ് സ്റ്റേഷനിലും നൽകാം

മനോരമ ലേഖകൻ

Published: November 19 , 2024 02:36 AM IST

1 minute Read

അതിക്രമം തടയാൻ ദേശീയതലത്തിൽ പ്രത്യേക നിയമം ആവശ്യമില്ലെന്ന് ശുപാർശ

പ്രതീകാത്മക ചിത്രം (Photo – Shutterstock/Christian Ouellet)

ന്യൂഡൽഹി ∙ മെഡിക്കൽ പ്രഫഷനലുകൾക്കെതിരെ അതിക്രമമുണ്ടായാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നി‌ല്ലെന്നും ഏതു സ്റ്റേഷനിലും പരാതിപ്പെടാമെന്നും കേസെ‌ടുക്കാമെന്നും ആരോഗ്യമന്ത്രാലയം നിയോഗിച്ച ദേശീയ കർമസമിതി ശുപാർശ ചെയ്തു. കൊൽക്കത്ത ആർ.ജി.കർ ആശുപത്രിയിൽ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതിയാണ് കർമസമിതിയെ നിയോഗിക്കാൻ നിർദേശിച്ചത്. സമിതി റിപ്പോർട്ട് കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ചു.

മെഡിക്കൽ പ്രഫഷനലുകൾക്കെതിരായ അതിക്രമം തടയാൻ ദേശീയതലത്തിൽ പ്രത്യേക നിയമം ആവശ്യമില്ലെന്നു റിപ്പോർട്ടിലുണ്ട്. 24 സംസ്ഥാനങ്ങളിൽ നിയമമുണ്ട്. 2 സംസ്ഥാനങ്ങൾകൂടി ബിൽ അവതരിപ്പിച്ചു. ഇവയും ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകളും പര്യാപ്തമാണ്. സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ വലിയ ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കാനാകുമോയെന്നു പരിശോധിക്കാനും നിർദേശമുണ്ട്.

അതിക്രമമുണ്ടായി 6 മണിക്കൂറിനുള്ളിൽ വിവരം പൊലീസിനെ അറിയിക്കണം. ഭാവിയിൽ പരാതി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്കെത്തണം. കേസുകളിലെ പുരോഗതി പരിശോധിക്കാൻ സംസ്ഥാന പൊലീസിൽ പ്രത്യേക സംവിധാനം വേണം. റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽസമയം ഉൾപ്പെടെയുള്ളവയിൽ എൻഎംസി പുറത്തിറക്കിയ നിർദേശങ്ങൾ എല്ലാ മെഡിക്കൽ ജീവനക്കാർക്കും ബാധകമാക്കണം. ലൈംഗികാതിക്രമ പരാതികൾ റിപ്പോർട്ട് ചെയ്യാൻ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണം. ആഭ്യന്തര പരാതിപരിഹാര സംവിധാനം ഒരുക്കണമെന്നും റിപ്പോർട്ടിലുണ്ട്.

English Summary:
Hospital violence: Complaint can be filed in any police station

mo-news-common-malayalamnews 4bt2ru02o2vvhojk6vkhc4oaov mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-kolkata-doctor-rape-murder mo-judiciary-bharatiya-nyaya-sanhita


Source link
Exit mobile version