മെറ്റയ്ക്ക് മുട്ടൻ പിഴ – 213.14 കോടി; ഡേറ്റ പങ്കുവയ്ക്കൽ വിലക്കി – Meta Fined Heavily for WhatsApp Data Sharing; Practice Banned | India News, Malayalam News | Manorama Online | Manorama News
മെറ്റയ്ക്ക് മുട്ടൻ പിഴ – 213.14 കോടി; ഡേറ്റ പങ്കുവയ്ക്കൽ വിലക്കി
മനോരമ ലേഖകൻ
Published: November 19 , 2024 02:41 AM IST
1 minute Read
ഡേറ്റ എന്താവശ്യത്തിനെന്ന് സ്വകാര്യതാനയത്തിൽ വ്യക്തമാക്കണം
ന്യൂഡൽഹി ∙ വാട്സാപ് ഉപയോക്താക്കളിൽനിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്ന വിവാദ വ്യവസ്ഥയുടെ പേരിൽ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) മെറ്റ കമ്പനിക്ക് 213.14 കോടി രൂപ പിഴയിട്ടു. ഇന്ത്യയിൽ വാട്സാപ്പിൽനിന്നു ശേഖരിക്കുന്ന ഡേറ്റ പരസ്യ ആവശ്യത്തിനായി മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതാണ് കേസിന് കാരണമായത്. ഇത് 5 വർഷത്തേക്കു വിലക്കി.
പരസ്യേതര ആവശ്യത്തിനാണെങ്കിൽ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നു സ്വകാര്യതാനയത്തിൽ വ്യക്തമാക്കണമെന്നു നിർദേശിച്ചു. ഇത്തരമൊരു വ്യവസ്ഥയുടെ പേരിൽ ഒരാളെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിൽനിന്നു വിലക്കാൻ കഴിയില്ല. ഡേറ്റ പങ്കുവയ്ക്കാൻ താൽപര്യമില്ലെങ്കിൽ അതിന് അനുമതി നൽകാതെ തന്നെ പ്ലാറ്റ്ഫോം ഉപയോഗിക്കാനും അനുമതി നൽകണം തുടങ്ങിയ നിർദേശങ്ങളും ഉത്തരവിലുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാര നടപടികളെടുക്കാനാണ് നിർദേശം.
2021 ൽ സ്വകാര്യതാനയത്തിൽ വാട്സാപ് കൊണ്ടുവന്ന മാറ്റമാണ് കേസിന് അടിസ്ഥാനം. വിപണി ആവശ്യത്തിനു ഡേറ്റ പങ്കുവയ്ക്കുമെന്ന വ്യവസ്ഥയ്ക്കെതിരെ ഇന്ത്യയിൽ വലിയ ഒച്ചപ്പാടുണ്ടായതോടെ താൽക്കാലികമായെങ്കിലും ടെലഗ്രാം, സിഗ്നൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ആളുകൾ അക്കൗണ്ടെടുക്കുന്ന സാഹചര്യവുമുണ്ടായി. അതിനു മുൻപുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം, ഡേറ്റ പങ്കുവയ്ക്കാൻ അനുവദിക്കണമോ വേണ്ടയോ എന്നതു ഉപയോക്താവിന്റെ തീരുമാനമായിരുന്നു. ഡേറ്റ മെറ്റയുടെ തന്നെ മറ്റു പ്ലാറ്റ്ഫോമുകൾക്കായി പങ്കുവയ്ക്കുമെന്ന വ്യവസ്ഥ അംഗീകരിക്കാതെ വാട്സാപ് തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിന് മാറ്റം കാരണമായി. ‘വേണമെങ്കിൽ സ്വീകരിക്കു, അല്ലെങ്കിൽ പൊയ്ക്കൊള്ളു’ എന്ന രീതിയാണ് ഈ വ്യവസ്ഥയുടേതെന്നും ഇതു വിപണി മര്യാദയ്ക്കു ചേരുന്നതല്ലെന്നും സിസിഐ വിലയിരുത്തി.
English Summary:
Meta Fined Heavily for WhatsApp Data Sharing; Practice Banned
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-meta mo-news-national-organisations0-competitioncommissionofindia mo-technology-data-privacy-policy 44aa9rpkh3jg61rd1csp07lo3s
Source link