കെ.എസ്.ആർ.ടി.സിയിൽ ശമ്പളം  കൊടുത്ത ദിവസം സമരം

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്ത ഇന്നലെ സമരവും അരങ്ങേറി. 74 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടിവന്നത്. ശമ്പളവിതരണം ഉച്ചവരെ മുടങ്ങി.

ഐ.എൻ.ടി.യുസി കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (ടി.ഡി.എഫ്) പ്രവർത്തകരാണ് ഇന്നലെ രാവിലെ ആസ്ഥാനമന്ദിരം ഉപരോധിച്ചത്. കവാടങ്ങൾ ഉപരോധിച്ചതു കാരണം ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ചീഫ് ഓഫിസിൽ കടക്കാൻ കഴിഞ്ഞില്ല.

ഇന്നലെ ശമ്പളം നൽകുമെന്ന് നേരത്തെ അറിയിപ്പ് നൽകിയിട്ടും ഓഫീസ് ഉപരോധിച്ചത് അന്തസില്ലാത്ത രാഷ്ട്രീയ പ്രവർത്തനമാണെന്ന് മന്ത്രി കെ.ബി ഗണേശ്കുമാർ പറഞ്ഞു. റഫറണ്ടത്തിന് വോട്ടുപിടിക്കാനുള്ള കള്ളക്കളിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുമ്പ് സർക്കാരിനെ മോശമാക്കാൻ നടത്തിയ ശ്രമം.

ഇത് ട്രേഡ് യൂണിയൻ പ്രവർത്തനമല്ല. മൂന്നുമാസമായി ശമ്പളം ഒറ്റത്തവണയായി നൽകുന്നുണ്ട്. സർക്കാർ സാമ്പത്തിക സഹായം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച തുക നൽകുമെന്ന് ഞായറാഴ്ച രാത്രി അറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷമാണ് ഉപരോധ നാടകം നടത്തിയത്. കഴിവതും ഒന്നാംതീയതി തന്നെ ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു.
ശമ്പളം വിതരണം വൈകുന്നുവെന്നാരോപിച്ച് ഇന്നലെ രാവിലെ എഴുമുതൽ ടി.ഡി.എഫ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ആസ്ഥാനമന്ദിരം വളഞ്ഞിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് ഉദ്യോഗസ്ഥർക്ക് ഓഫീസിനുള്ളിൽ കയറാൻ കഴിഞ്ഞത്. സമരത്തെ എതിർത്ത സി.ഐ.ടി.യു പ്രവർത്തകരും ടി.ഡി.എഫുകാരുമായി ചെറിയ തോതിൽ സംഘർഷവുമുണ്ടായി.
ഉപരോധം ടി. ഡി. എഫ് സംസ്ഥാന സെക്രട്ടറി അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.സോണി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.മുരുകൻ, എസ്.കെ.മണി, ഗ്ലാഡ്സ്റ്റൺ, എസ്.ജി.രാജേഷ്, ദീപു ശിവ, വി.ജി. ജയകുമാരി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

സമരം ചെയ്ത പ്രവർത്തകരെ സി.ഐ.ടി.യു യൂണിയൻ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചുവെന്നും ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്ക് ഉണ്ടെന്നും ടി.ഡി.എഫ് സെക്രട്ടറി അജയകുമാർ അറിയിച്ചു.

അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കാൻ ടി.ഡി.എഫ് ആഹ്വാനം ചെയ്തു.


Source link
Exit mobile version