കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് ഹർത്താൽ. എൽ.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താലിന് വിവിധ സംഘടനകളും കൂട്ടായ്മകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ, ഇലക്ഷൻ വാഹനങ്ങൾ, മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾ, ആശുപത്രി ,പാൽ,പത്രം തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. കെ.എസ്ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്താൻ സാദ്ധ്യതയില്ല.
ഒരേ ആവശ്യമുന്നയിച്ച് എൽ.ഡി.എഫും യു.ഡി.എഫും ഒരേ ദിവസം ഹർത്താൽ നടത്തുന്നത് അടുത്തകാലത്ത് ഇതാദ്യമാണ്. ദുരന്തമേഖല നേരിട്ട് സന്ദർശിച്ചശേഷം നൽകിയ ഉറപ്പുപാലിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് എൽ.ഡി.എഫ് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഹർത്താലിന്റെ ഭാഗമായി യു.ഡി.എഫ് പ്രവർത്തകർ കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും.
ദുരന്തബാധിതരും സമരത്തിൽ അണിനിരക്കുമെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് പ്രാദേശികമായി വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും.
Source link