കൊല്ലം: ഐവറികോസ്റ്റിൽ നിന്ന് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്ത് കേരളത്തിലെ തോട്ടണ്ടി ക്ഷാമം പരിഹരിക്കാൻ കേരള കാഷ്യു ബോർഡിന്റെ നീക്കം. 2022ൽ കാലാവധി അവസാനിച്ച ധാരണാപത്രം ഐവറി കോസ്റ്റ് നിർദ്ദേശിച്ച ഭേദഗതികളോടെ പുതുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇനി കേന്ദ്ര അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് നേരിട്ടുള്ള ഇറക്കുമതിക്ക് നടപടികളാവും.
ഐവറി കോസ്റ്റിലെ തോട്ടണ്ടി വ്യാപാരം നിയന്ത്രിക്കുന്ന കോട്ടൺ ആൻഡ് കാഷ്യു കൗൺസിലുമായി 2019 ഏപ്രിലിലാണ് നേരിട്ടുള്ള ഇറക്കുമതിക്ക് കേരള കാഷ്യു ബോർഡ് ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ
പല ആഫ്രിക്കൻ രാജ്യങ്ങളും തോട്ടണ്ടി കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഒരു ഇടപാട് പോലും നടത്താനാവാതെ 2022ൽ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. അടുത്തിടെ ജില്ലയിലെ കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ച ഐവറികോസ്റ്റ് അംബാസിഡർ പ്രതിവർഷം 15,000 മെട്രിക് ടൺ തോട്ടണ്ടി കാഷ്യു ബോർഡിന് ലഭ്യമാക്കുമെന്ന ഉറപ്പ് നൽകിയതോടെയാണ് ബോർഡ് രംഗത്തിറങ്ങിയത്.
ചട്ടം മാറ്റി ഐവറി കോസ്റ്റ്
ഐവറി കോസ്റ്റിലെ കോട്ടൺ ആൻഡ് കാഷ്യു കൗൺസിലിൽ നിന്നു നേരിട്ട് തോട്ടണ്ടി വാങ്ങാനായിരുന്നു 2019ൽ ഒപ്പിട്ട ധാരണാപത്രം. റെഗുലേറ്റിംഗ് ഏജൻസിയായ കൗൺസിലിന് തോട്ടണ്ടി ഇടപാട് നടത്താനാകില്ലെന്ന് അടുത്തിടെ ഐവറികോസ്റ്റ് അറിയിച്ചു. പകരം അവിടുത്തെ തോട്ടണ്ടി കർഷകരുടെ സഹകരണ സംഘവുമായോ സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് ഏജൻസികളുമായോ ഇടപാട് നടത്തണം. ഈ വിധത്തിലാണ് ധാരണാപത്രത്തിൽ ഭേദഗതി വരുത്തണ്ടത്.
തോട്ടണ്ടി നേരിട്ട് വാങ്ങാം
ഇടനിലക്കാരുടെ ലാഭം ഒഴിവാക്കാം
ഐവറികോസ്റ്റ് സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ലഭിക്കും
സർക്കാരുമായി നേരിട്ട് വിലപേശാം
ഐവറികോസ്റ്റ് മാതൃകയിൽ മറ്റ് രാജ്യങ്ങളുമായും കരാർ ഒപ്പിടാം
കാഷ്യു ബോർഡിന്റെ രൂപീകരണ ലക്ഷ്യം നേരിട്ടുള്ള ഇടപാട്
നേരിട്ടുള്ള തോട്ടണ്ടി ഇറക്കുമതി ധാരണാപത്രത്തിൽ ഐവറികോസ്റ്റ് നിർദ്ദേശിച്ച ഭേദഗതി സംസ്ഥാന സർക്കാർ അംഗീകരിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്
എ. അലക്സാണ്ടർ (കേരള കാഷ്യു ബോർഡ് ചെയർമാൻ)
Source link