വകുപ്പു വിഭജനം ബന്ധം വഷളാക്കി; ഗെലോട്ടിനു മുകളിൽ അതിഷിയെ നിയോഗിച്ചതും കല്ലുകടി
ഗെലോട്ട്–എഎപി ഭിന്നത: വകുപ്പ് വിഭജനം ബന്ധം വഷളാക്കി; അതിഷിയെ ഗെലോട്ടിന് മുകളിൽ നിയോഗിച്ചതും കല്ലുകടിയായി – Delhi Politics in Turmoil: Gahlot’s Resignation Adds to AAP’s Woes – Manorama Online | Malayalam News | Manorama News
വകുപ്പു വിഭജനം ബന്ധം വഷളാക്കി; ഗെലോട്ടിനു മുകളിൽ അതിഷിയെ നിയോഗിച്ചതും കല്ലുകടി
ഓൺലൈൻ ഡെസ്‍ക്
Published: November 18 , 2024 12:47 PM IST
Updated: November 18, 2024 12:58 PM IST
1 minute Read
കൈലാഷ് ഗെലോട് (Photo: Kailash Gahlot/Facebook)
ന്യൂഡൽഹി ∙ രാജിവച്ച ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ടും ആം ആദ്മി പാർട്ടിയുമായുള്ള ബന്ധം വഷളായിത്തുടങ്ങിയത് വകുപ്പ് വിഭജനത്തിന് പിന്നാലെയുള്ള ഭിന്നതകളെത്തുടർന്ന്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹം ചുമതല വഹിച്ചിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകിയപ്പോഴായിരുന്നു ഭിന്നതയ്ക്ക് തുടക്കം. ആം ആദ്മി പാർട്ടി മന്ത്രിസഭയിലെ രണ്ടാമനായ സിസോദിയയാണ് ഏറ്റവും കൂടുതൽ വകുപ്പുകൾ കൈയിൽ വച്ചിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, ഊർജം, ധനം, ആഭ്യന്തരം തുടങ്ങി സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് സിസോദിയയാണ്.
മാർച്ചിൽ സിസോദിയ അറസ്റ്റിലായതോടെ ഈ വകുപ്പുകളിൽ ആഭ്യന്തരം, ധനം, ഊർജം, പ്ലാനിങ്, പിഡബ്ല്യുഡി, നഗരവികസനം, ജലസേചനം, ജലം എന്നിവ ഗെലോട്ടിനും ആരോഗ്യം, വിദ്യാഭ്യാസം, വിജിലൻസ്, ടൂറിസം തുടങ്ങിയവ രാജ് കുമാർ ആനന്ദിനും വീതിച്ചുനൽകി. പുതിയ സർക്കാർ അധികാരമേൽക്കുന്നതു വരെയായിരുന്നു ചുമതല. എന്നാൽ സെപ്റ്റംബറിൽ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ റവന്യൂ, വിദ്യാഭ്യാസം, ധനം, ഊർജം, പിഡബ്ല്യുഡി വകുപ്പുകൾ അതിഷി തിരിച്ചെടുത്തു.
ഡിസംബറിൽ നിയമ വകുപ്പ് കൂടി ഗെലോട്ടിൽനിന്ന് തിരിച്ചെടുത്ത് അതിഷിക്ക് നൽകിയതോടെ ഭിന്നത രൂക്ഷമായി. പാർട്ടിക്ക് ഗെലോട്ടിൽ വിശ്വാസം പോരെന്ന് ഈ സംഭവത്തോടെ വ്യക്തമായതായി ഗെലോട്ടുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. സ്വാതന്ത്ര്യദിനത്തിലെ പതാക ഉയർത്തലുമായി ബന്ധപ്പെട്ട വിവാദം ഗെലോട്ട്–എഎപി ഭിന്നത മൂർധന്യത്തിലെത്തിച്ചു. മുഖ്യമന്ത്രിയായ താൻ ജയിലിൽ ആയിരുന്നതിനാൽ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അതിഷിയെ നിയോഗിച്ച് അരവിന്ദ് കേജ്‌രിവാൾ കത്തു നൽകിയിരുന്നു.
എന്നാൽ സർക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന കേജ്‌രിവാളിന്റെ കത്തിലെ ആവശ്യം നിഷേധിച്ചു. അതിഷിയല്ല മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നിയമപരമായി ആഭ്യന്തരമന്ത്രി ഗെലോട്ടാണ് പതാക ഉയർത്തേണ്ടതെന്ന നിലപാടാണ് സക്സേന സ്വീകരിച്ചത്. ഇത് എഎപിയും ഗവർണറും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. ലഫ്.ഗവർണർ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാണ് അതിഷി പറഞ്ഞത്. ആഭ്യന്തര മന്ത്രിയായ തനിക്കു മുകളിൽ അതിഷിയെ നിയോഗിച്ചതും ഗെലോട്ടിനെ പ്രകോപിപ്പിച്ചിരുന്നു.
English Summary:
Delhi Politics in Turmoil: Gahlot’s Resignation Adds to AAP’s Woes
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-arvindkejriwal 51jdfabfgnf7pfbhtd4gf0lun8 mo-politics-parties-aap mo-politics-leaders-atishi-marlena-
Source link