‘ശീശ്മഹൽ’ പ്രയോഗം പുതിയ ചങ്ങാത്ത സൂചന?; എഎപിക്ക് ക്ഷീണമായി കൈലാഷ് ഗെലോട്ടിന്റെ രാജി

‘ശീശ്മഹൽ’ പുതിയ ചങ്ങാത്തത്തിന്റെ സൂചന? കൈലാഷ് ഗെലോട്ടിന്റെ രാജി എഎപിക്ക് ക്ഷീണം, ആഘാതം – Kailash Gahlot’s Resignation Adds Fuel to AAP vs BJP Battle – Manorama Online | Malayalam News | Manorama News

‘ശീശ്മഹൽ’ പ്രയോഗം പുതിയ ചങ്ങാത്ത സൂചന?; എഎപിക്ക് ക്ഷീണമായി കൈലാഷ് ഗെലോട്ടിന്റെ രാജി

മനോരമ ലേഖകൻ

Published: November 18 , 2024 10:07 AM IST

1 minute Read

കൈലാഷ് ഗെലോട്ടും അരവിന്ദ് കേജ്‌രിവാളും. കൈലാഷ് എക്സിൽ പങ്കുവച്ച ചിത്രം

ന്യൂഡൽഹി ∙ അഴിമതി ആരോപണത്തിൽ അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും അറസ്റ്റിലായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എഎപിക്ക് നിർണായകമായിരിക്കെയാണ് പ്രധാന നേതാവായ കൈലാഷ് ഗെലോട്ട് പാർട്ടി വിട്ടത്. മുൻനിര നേതാവും ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഗെലോട്ട്. മദ്യനയ അഴിമതിക്കേസിൽ കേജ്‌രിവാൾ ജയിലിലായപ്പോൾ പാർട്ടിക്ക് കരുത്തേകിയയാൾ പടിയിറങ്ങുമ്പോൾ കൺവീനറെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചതും ബിജെപി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുന്നുണ്ട്.

എഎപിയെ തള്ളിപ്പറഞ്ഞ ഗെലോട്ട് ഇനിയെങ്ങോട്ടെന്ന ചോദ്യങ്ങൾക്ക് രാജിക്കത്തിലെ ‘ശീശ്മഹൽ’ പ്രയോഗത്തിൽ മറുപടിയുണ്ട്. മുഖ്യമന്ത്രിയുടെ വസതി നവീകരണവുമായി 45 കോടി രൂപ ചെലവഴിച്ചെന്ന വിവാദത്തിൽ എഎപിയെ ആക്ഷേപിക്കാൻ ബിജെപി  ഉപയോഗിച്ച വാക്കാണ് ‘ശീശ്മഹൽ’ (ചില്ലുമേട). ബിജെപി പ്രവേശനമെന്ന സൂചന നൽകുന്ന പ്രയോഗം.

അഴിമതിക്കേസുകളിൽ പെടുത്തി ഇ.ഡിയെ ഉപയോഗിച്ച് പ്രധാന നേതാക്കളെ പാട്ടിലാക്കുന്ന സ്ഥിരം തന്ത്രമാണ് ഗെലോട്ടിലും അമിത്ഷായും നരേന്ദ്ര മോദിയും പരീക്ഷിക്കുന്നതെന്നാണ് എഎപി ആരോപിക്കുന്നത്. ദീർഘനാളായി ഇ.ഡി- സിബിഐ റഡാറിലാണ് ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിൽ നിന്നുള്ള ജാട്ട് നേതാവായ ഗെലോട്ട്. ഡൽഹിയിൽ ജനിച്ചു വളർന്ന ചുരുക്കം എഎപി നേതാക്കളിൽ ഒരാൾ.
അഭിഭാഷകനായി സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി 2 പതിറ്റാണ്ടോളം പ്രാക്ടീസ് ചെയ്തു. 2015ലാണ് ഡൽഹിയിലെ നജഫ്ഗഡിൽ മത്സരിച്ച് എംഎൽഎയായി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1,550 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2020ൽ ആറായിരത്തിലധികം വോട്ടുകൾക്ക് വീണ്ടും വിജയിച്ചു. 2018ലാണ് ആദായനികുതി വകുപ്പിന്റെ കേസുകളിൽ പെടുന്നത്.

English Summary:
Kailash Gahlot’s Resignation Adds Fuel to AAP vs BJP Battle

3ds91fip1e5r495p99b2e7eal0 mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-parties-aap


Source link
Exit mobile version