KERALAM

ഫാർമസി ലൈസൻസ് പുതുക്കാൻ നെട്ടോട്ടം. പ്രശ്നം നിയമത്തിലില്ലാത്ത സർട്ടിഫിക്കറ്റ്

f

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളുടെയും സർജിക്കൽ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളുടെയും ലൈസൻസ് പുതുക്കൽ, നിയമത്തിലില്ലാത്ത സർട്ടിഫിക്കറ്റ് നൽകി പ്രതിസന്ധിയിലാക്കുന്നു. ലൈസൻസ് നടപടികൾ ലഘൂകരിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതിയെയും നോക്കുകുത്തിയാക്കിയാണ് ഈ അലിഖിത രീതി തുടരുന്നത്.

ഫാർമസി സ്ഥാപനം നടത്താനുള്ള ലൈസൻസ് നേടിയ വ്യക്തി അഞ്ചു വർഷത്തിലൊരിക്കാൽ നിശ്ചിത ഫീസ് അടച്ചാൽ ലൈസൻസ് പുതുക്കിയതായി പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ഡ്രഗ്സ് കൺട്രോൾ നിയമപ്രകാരമുള്ള ഈ വ്യവസ്ഥ നിലനിൽക്കെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആഭ്യന്തരമായി പരിശോധന നടത്തി ഒരു സർട്ടിഫിക്കറ്റ് നൽകുന്നു. നിലനിറുത്തൽ സർട്ടിഫിക്കറ്റ് എന്നാണ് ഇതിന്റെ ഓമനപ്പേര്. ഇങ്ങനെയൊരു സംവിധാനം കേന്ദ്രനിയമത്തിലില്ല.

നിയമവിരുദ്ധമായി മെഡിക്കൽ സ്ഥാപനങ്ങൾ നടത്തുകയും ചട്ടങ്ങൾ ലംഘിച്ച് മരുന്നുകച്ചവടം നടത്തുകയും ചെയ്യുന്നതിനെ കണ്ടെത്താനും നടപടി സ്വീകരിക്കാനും പ്രത്യേക നിയമവ്യവസ്ഥയുണ്ട്. അതു നിലനിൽക്കെയാണ് മെ‌ഡിക്കൽ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പഴഞ്ചൻ നയം തുടരുന്നത്.

നിയമത്തിലില്ലെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്ന സാഹചര്യമുള്ളതിനാൽ ഇത് യഥാസമയം കിട്ടിയില്ലെങ്കിൽ മരുന്നു വ്യാപാരികളിൽ നിന്ന് മരുന്നുവാങ്ങാനും വിൽക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. മുൻകാലങ്ങളിൽ അപേക്ഷ സമർപ്പിച്ച് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനകൾക്കു ശേഷമായിരുന്നു ലൈസൻസ് പുതുക്കൽ. എന്നാൽ, 2016ൽ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് ആക്ടിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ലൈൻസസ് പുതുക്കൽ (റിന്യൂവൽ) എന്നതിനു പകരം നിലനിറുത്തൽ(റീടെൻഷൻ) എന്നാക്കിയത്.

ഇതോടെ ഒരിക്കൽ ലൈസൻസ് എടുത്താൽ അഞ്ചുവർഷം കൂടുമ്പോൾ ലൈസൻസ് ഫീസ് ട്രഷറിയിൽ അടച്ച് ഓൺലൈനായി പോർട്ടലിൽ അപേക്ഷിച്ചാൽ മതി. അപേക്ഷ ലഭിക്കുന്ന അസി.ഡ്രഗ്സ്‌ കൺട്രോളർമാർ ഇത് ഡ്രഗ് ഇൻസ്‌പെക്ടർക്ക് കൈമാറും.

ഇദ്ദേഹം പരിശോധിച്ച് ശുപാർശ സഹിതം തിരിച്ചയയ്ക്കും.പിന്നാലെ ലൈസൻസ് നിലനിറുത്തിയാതായി അറിയിച്ച് റിടെൻഷൻ സർട്ടിഫിക്കറ്റ് ഇമെയിലായി അപേക്ഷകന് അയയ്ക്കും.മതിയായ ഉദ്യോഗസ്ഥരില്ലാത്ത ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ജോലിഭാരം കാരണം കൃത്യമായി നടപടികൾ പൂർത്തിയാക്കാനും കഴിയാറില്ല. ഇതോടെ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന കാരണത്താൽ അപേക്ഷകരും നെട്ടോട്ടമോടും.

പരിഹാരം അരികെ?

നിയമപ്രകാരം ലൈസൻസ് പുതുക്കലിന് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഫീസ് അടയ്ക്കുന്ന രേഖ ആധികാരികമാണെന്നുംചൂണ്ടിക്കാട്ടി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് രേഖാമൂലം വ്യക്തതവരുത്താം. ഇതോടെ വ്യാപാരികളുടെ പ്രശ്നത്തിനും അസി.ഡ്രഗ്സ് കൺട്രോളർമാരുടേയും ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെയും ജോലി ഭാരവും കുറയും. മരുന്ന് കമ്പനികൾ ഉൾപ്പെടെ ലൈസൻസ് പുതുക്കൽ രേഖ ആവശ്യപ്പെടുമ്പോൾ ഫാർമസി ഉടമകൾ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ രേഖയും ഫീസ് അടച്ച രസീതും സമർപ്പിച്ചാൽ മതിയാകും.

ആകെ ഫാർമസികൾ

34,268

ചെറുകിട സ്ഥാപനങ്ങൾ…………………………..24933

മൊത്തവ്യാപാര സ്ഥാപനങ്ങൾ………………..9335




വിഷയം പരിശോധിച്ച് വ്യാപരികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

-ഡോ.സുജിത് കുമാർ.കെ

ഡ്രഗ്സ് കൺട്രോളർ


Source link

Related Articles

Back to top button