KERALAM

പാ​ല​ക്കാ​ട് ഇ​ന്ന് ക​ലാ​ശമേളം, ആവേശത്തിൽ മുന്നണികൾ, ഏശാതെപോയ  വിവാദങ്ങൾ

ആവേശത്തിൽ മുന്നണികൾ

പാലക്കാട്: തീപാറും പോരാട്ടം നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണവിഷയങ്ങൾ,വാദ പ്രതിവാദങ്ങൾ,വിവാദങ്ങൾ,പ്രതിരോധങ്ങൾ,നേതാക്കളുടെയും പ്രവർത്തകരുടെയും കൂടുമാറ്റം തുടങ്ങി അത്യന്തം ആവേശം നിറഞ്ഞ പ്രചാരണം പരിസമാപ്തിയിലേക്ക്.

അവസാനനിമിഷം ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചാരണം നയിക്കുന്നത്. പ്രതിപക്ഷ നേതാവും എം.എൽ.എമാരും എം.പിമാരും ഉൾപ്പെടെ ആഴ്ചകളായി ക്യാമ്പ് ചെയ്താണ് യു.ഡി.എഫിന്റെ പ്രചാരണം. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്ര നേതൃത്വവും നേരിട്ടിടപെട്ടാണ് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ. ഇന്നലെ മൂന്ന് സ്ഥാനാർത്ഥികളും ഓട്ടപ്രദക്ഷിണത്തിലായിരുന്നു. സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽമാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. സരിൻ. ഒരു മിനിറ്റ് കൊണ്ട് നിലപാട് മാറ്റിയതിൽ സരിനും സന്ദീപും ഒരു പോലെയെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറും.

പ്രചാരണത്തിന്റെ അവസാനലാപ്പിൽ ബി.ജെ.പി സംസ്ഥാന നേതാവിനെ സ്വന്തം പാളയത്തിലെത്തിച്ച കോൺഗ്രസിന്റെ തന്ത്രം യു.ഡി.എഫിന് മേൽക്കൈ നൽകുന്നുണ്ട്. മുഖ്യമന്ത്രിയെ ഇറക്കിയുള്ള ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നിറംമങ്ങാൻ ഇത് കാരണമായി. സന്ദീപിന്റെ കോൺഗ്രസ് പ്രവേശം എൻ.ഡി.എയ്ക്ക് നഗരത്തിലെ വോട്ടുബാങ്കിൽ ഉൾപ്പെടെ തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു. കോൺഗ്രസിലെത്തിയ സന്ദീപ് ഇന്നലെ പാണക്കാട് പോയി തങ്ങളെ കണ്ടതിലൂടെ, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാമെന്ന് യു.ഡി.എഫ് കരുതുന്നു.

പാലക്കാട് നഗരസഭ, പിരായിരി, മാത്തൂർ മേഖലകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ 25 ശതമാനം ന്യൂനപക്ഷ വോട്ടുകളുണ്ട്. പി.എം.എ.വൈ പദ്ധതിവഴി 300ഓളം ന്യൂനപക്ഷ കുടുംബങ്ങൾക്ക് വീടും അതിലേറെ കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷനും സൗജന്യ കുടിവെള്ള കണക്ഷനുമുൾപ്പെടെ നൽകിയതും നേട്ടമാകുമെന്ന് എൻ.ഡി.എ കരുതുന്നു. കോൺഗ്രസ് വിട്ട് ഇടതുകരയിലെത്തിയ ഡോ. പി. സരിൻ മണ്ഡലത്തിലെ പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കും. പിരായിരി പോലുള്ള മേഖലകളിലെ മതനിരപേക്ഷ വോട്ടുകളും അടർത്തുമെന്നും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു.

ഏശാതെപോയ വിവാദങ്ങൾ

ക്രോസ് വോട്ട്, ഡീൽ, ട്രോളി വിവാദങ്ങൾക്ക് കൂടുതൽ ആയുസുണ്ടായില്ല. ട്രോളി വിവാദത്തിൽ ആസൂത്രണത്തിലെ മികവ് പദ്ധതി നടപ്പാക്കുന്നതിൽ ഇല്ലാതിരുന്നത് എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയായി. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വിട്ടെങ്കിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ നിഷേധ വോട്ടും ഇ. ശ്രീധരന് ലഭിച്ച നിഷ്പക്ഷ വോട്ടും ഇത്തവണ സരിന് ലഭിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ബി.ജെ.പിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ളിടത്ത് സ്ഥാനാർത്ഥി നാട്ടുകാരനെന്ന ഇമേജിലാണ് പ്രതീക്ഷ.


Source link

Related Articles

Back to top button