ബി.ജെ.പിക്കില്ലാത്ത അസ്വസ്ഥത സി.പി.എമ്മിന്: വി.ഡി. സതീശൻ

കൊച്ചി: സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ ബി.ജെ.പിക്കില്ലാത്ത അസ്വസ്ഥതയാണ് സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സത്യസന്ധനും മിടുക്കനും ‘ക്രിസ്റ്റൽ ക്ലിയറു”മായ സന്ദീപ് തങ്ങളുടെ പാർട്ടിയിലേക്ക് വന്നാൽ ഇരുകൈയുംനീട്ടി സ്വാഗതം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെ പറഞ്ഞതാണ്. സി.പി.എമ്മിൽ ചേരാത്തതിനാൽ കുഴപ്പമാണെന്നാണ് ഇപ്പോൾ പറയുന്നതെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘ്പരിവാറുകാർ മറ്റൊരു പാർട്ടിയിലും പോകരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്? സി.പി.എം പ്രവർത്തകരെ കൊല ചെയ്യാൻ നേതൃത്വം നൽകിയ ആർ.എസ്.എസ് നേതാവിനെ മാലയിട്ട് കണ്ണൂരിൽ സ്വീകരിച്ചപ്പോൾ പിണറായിയുടെ ബാബ്‌റി മസ്ജിദിന്റെയും മതേതരത്വത്തിന്റെയും രാഷ്ട്രീയം എവിടെയായിരുന്നു? എല്ലാം വെളിപ്പെടുത്താൻ പറ്റാത്തതിനാലാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം രഹസ്യമാക്കിയത്. സന്ദീപിനെ പിന്നിൽ നിറുത്തില്ല, മുന്നിൽ തന്നെയുണ്ടാകും. സന്ദീപ് വാര്യരുടെ കടന്നുവരവിലൂടെ പാലക്കാട് യു.ഡി.എഫ് ഭൂരിപക്ഷം പതിനായിരത്തിന് മുകളിലെത്തും.
ചേവായൂരിൽ നടന്ന സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകത്തിതിന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും കൂട്ടു നിന്നു. യു.ഡി.എഫ് നേതൃത്വത്തിലുള്ള സംഘങ്ങൾ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനാൽ സഹകരണ രംഗത്ത് സർക്കാരിന് നൽകുന്ന പിന്തുണ പിൻവലിക്കും. പിടിച്ചെടുക്കുന്ന ബാങ്കുകളിൽ അനുഭാവികളുടെ നിക്ഷേപങ്ങൾ തുടരണമോയെന്ന് പാർട്ടി ഗൗരവതരമായി ആലോചിക്കുമെന്നും സതീശൻ പറഞ്ഞു.
Source link