കോഴിക്കോട്ട് കോൺഗ്രസ് ഹർത്താലിനിടെ സംഘർഷം, നിർബന്ധിച്ച് കടയടപ്പിക്കൽ, ബസ് തടയൽ, വെല്ലുവിളി

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെെകിട്ട് 6മണിവരെ കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംഘർഷം. പലയിടങ്ങളിലും സമരാനുകൂലികളും പൊലീസും തമ്മിൽ ഏറ്രുമുട്ടി. നഗരത്തിൽ പുതിയ സ്റ്റാൻഡിൽ ദീർഘദൂര ബസുകൾ തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു. ഇത് ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മിൽ വാക്കേറ്റത്തിനിടയാക്കി.

ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയും പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. രാവിലെ സ്വകാര്യ ബസുകൾ സമരാനുകൂലികൾ തടഞ്ഞതോടെ സർവീസ് നിറുത്തിവച്ചു. കെ.എസ്.ആർ‌.ടി.സി സർവീസ് തുടർന്നു. ചുരുക്കം സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ടാക്‌സികളും സർവീസ് നടത്തി. സിറ്രി ബസുകൾ നിരത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞുനിന്നു. സംഘർഷത്തെ തുടർന്ന് പലയിടങ്ങളിലും കടകൾ പൂർണമായും അടച്ചു. ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയതനുസരിച്ച് തുറന്ന കടകളാണ് സമരാനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചത്.

ഡി.സി.സി മാർച്ചിനിടെ പ്രവർത്തകർ കടകളിൽ കയറി ഷട്ടറുകൾ താഴ്ത്തി. സാധനങ്ങൾ വലിച്ചെറിഞ്ഞു. കടയുടമകൾ എതിർത്തതോടെ ഉന്തും തള്ളുമായി. പൊലീസ് ഇടപെട്ടതോടെ പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞു. മുക്കത്തും സംഘർഷാവസ്ഥയുണ്ടായി.


Source link
Exit mobile version