‘എന്നും മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ലീഗ്’: മുസ്ലീം ലീഗിനെ പുകഴ്ത്തി സന്ദീപ് വാര്യർ

പാലക്കാട്: മുസ്ലീം ലീഗിനെ പുകഴ്ത്തി സന്ദീപ് വാര്യർ. മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ലീഗ് എന്നും തളി ക്ഷേത്രത്തിൽ തീപിടിത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാണക്കാട്ടേക്ക് പോകുന്നത് കെപിസിസിയുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് പറഞ്ഞു . വ്യക്തിജീവിതത്തിൽ താൻ എപ്പോഴും ഉയർത്തിപ്പിടിച്ചത് മതനിരപേക്ഷ നിലപാടുകളാണെന്നും എന്നാൽ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ സ്വീകരിച്ചതാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സന്ദീപ് വാര്യർ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ പാണക്കാട്ട് ഉണ്ടായിരുന്നു.
അതേസമയം, സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമാകുമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറയുന്നത്. ‘സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരും. സന്ദീപിന്റെ വരവ് താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ്. കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യർ പാണക്കാട്ടേക്ക് പോകുന്നത്. മുന്നണിയിൽ വരുമ്പോൾ ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ട്. സന്ദീപ് വാര്യരുടെ വരവ് ഗുണമാകും എന്നാണ് പാർട്ടി വിലയിരുത്തൽ. ബിജെപിക്ക് അകത്ത് നിന്ന് ചെയ്തതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. ബിജെപിക്ക് മുതൽക്കൂട്ടായ ആളാണ് ഇന്ന് കോൺഗ്രസിനൊപ്പം ചേർന്നത്’ സുധാകരൻ പറഞ്ഞു.
സന്ദീപ് വാര്യരുടെ വരവിനെ കെ മുരളീധരനും സ്വാഗതം ചെയ്തിരുന്നു. സന്ദീപ് കോൺഗ്രസിൽ എത്തിയത് നല്ല കാര്യമെന്നാണ് മുരളീധരൻ പറഞ്ഞത്. ‘രണ്ടാഴ്ച മുൻപ് വരാമായിരുന്നു.പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് പോകാമായിരുന്നു. രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു. സ്‌നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് എപ്പോഴും നിലനിർത്തണം. വീണ്ടും വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്. ഗാന്ധിവധം സംബന്ധിച്ച പരാമർശം ബിജെപിക്ക് വേണ്ടി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഇനി അതിനെപ്പറ്റി ആലോചിക്കേണ്ടതില്ല’ എന്നാണ് മുരളീധരൻ പറഞ്ഞത്.
എന്നാൽ, മുങ്ങാൻ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യർ കയറിയതെന്നും സ്‌നേഹത്തിന്റെ കടയിൽ അല്ല അംഗത്വമെടുത്തതെന്നും വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നുമായിരുന്നു മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ പ്രതികരിച്ചത്. ഇനി ഇത്രയും കാലം പറഞ്ഞതൊക്കെയും വിഴുങ്ങേണ്ടിവരുമെന്നും ഇപ്പോഴത്തെ തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നുമാണ് പത്മജ വേണഗോപാൽ പറഞ്ഞത്.
Source link