‘ഞാൻ തല്ലിയാലും അവര് നന്നാകില്ല, ബിജെപിയെ അവരുടെ വഴിക്ക് വിടുകയാണ്’; വീണ്ടും സന്ദീപ് വാര്യർ

സന്ദീപ് വാര്യർ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട് വീട്ടിൽ എത്തിയപ്പോൾ. പി കെ കുഞ്ഞാലികുട്ടി സമീപം
മലപ്പുറം: ബിജെപി തനിക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തിരിച്ച് അവരിലേക്ക് തന്നെ ചെന്നുപതിക്കുമെന്ന് സന്ദീപ് വാര്യർ. ഏതെങ്കിലും ഓഫറിന്റെ ഭാഗമായിട്ടാണ് വന്നതെങ്കിൽ എനിക്ക് ഓഫർ നൽകാൻ കഴിയുന്ന ആളുടെ അടുത്തേക്ക് പോകാമായിരുന്നല്ലോ. കേരളത്തിൽ ഭരണമില്ലാത്ത സമയത്താണ് ഞാൻ യുഡിഎഫിലേക്ക് എത്തുന്നത്. പ്രതിപക്ഷത്തുള്ള ഒരു പാർട്ടിയിലേക്കാണ് ഞാൻ കടന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരഞ്ഞെടുപ്പിന് മുമ്പാണ് ഞാൻ വന്നതെങ്കിൽ ഇതിലും കൂടുതൽ അവസരങ്ങൾ സ്വാഭാവികമായി പ്രതീക്ഷിക്കാമായിരുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയിൽ പ്രവർത്തിച്ച് മടുത്തതിന്റെ പേരിലാണ്, ഞാൻ വിശ്വസിച്ചിരുന്ന പ്രത്യേയ ശാസ്ത്രത്തെ എന്നന്നേക്കുമായി ഉപേക്ഷിച്ചുകൊണ്ടാണ്, യുഡിഎഫിന്റെ മാനവികയുടെ പക്ഷത്തേക്ക് ഞാൻ കടന്നുവന്നിട്ടുള്ളത്. നിങ്ങൾ പഴയതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ അശോക് ചവാനെക്കുറിച്ച് നരേന്ദ്ര മോദിയും അമിത് ഷായുമൊക്കെ പറഞ്ഞത് നിങ്ങളൊക്കെ ഒന്നുകൂടെ ടെലക്കാസ്റ്റ് ചെയ്യണം.
ഇവിടുന്നങ്ങോട്ട്, ബിജെപിക്കെതിരായിട്ട് ഒരു രാഷ്ട്രീയ ആരോപണവുമായി അല്ലെങ്കിൽ വ്യക്തിപരമായി ആരെങ്കിലും ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ബിജെപിയെ നന്നാക്കാൻ ഒരു ചൂരൽ എടുത്ത് മാരാർജി ഭവന് ചുറ്റും നടക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ തല്ലിയാലും അവര് നന്നാകാൻ പോകുന്നില്ല. അതുകൊണ്ട് ഞാൻ അവരെ അവരുടെ വഴിക്ക് വിടുകയാണ്. ഞാൻ ഇന്നുമുതൽ കോൺഗ്രസിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുകയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.
Source link