പാലക്കാട്: സിപിഎമ്മിനെയും ബിജെപിയെയും ഒരേ പോലെ കടന്നാക്രമിച്ച് കോൺഗ്രസ് പാളയത്തിലെത്തിയ സന്ദീപ് വാര്യർ. തന്നെ കൊല്ലാൻ ബിജെപിയും സിപിഎമ്മും ചേർന്ന് ഇന്നോവ അയച്ചേക്കുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സിപിഎം-ബിജെപി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ അയക്കുമോ എന്ന് ഭയപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട്ടെ സന്ദർശത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിപിഎം-ബിജെപി സംയുക്ത ഇന്നോവ ഓടിക്കുന്നത് മന്ത്രി എംബി രാജേഷാണെങ്കിൽ ക്വട്ടേഷനുമായി വരുന്നത് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രനായിരിക്കും. ഈ രണ്ട് കൂട്ടരുമാണ് കേരളത്തിലെ രാഷ്ട്രീയം മുഴുവൻ നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ തിരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. തന്നെ എന്തൊക്കെ ആക്ഷേപിച്ചാലും അത് സിപിഎമ്മിലേക്കും ബിജെപിയിലേക്കും എത്തും’- സന്ദീപ് വാര്യർ പറഞ്ഞു.
‘തിരഞ്ഞെടുപ്പിന് മുമ്പാണ് ഞാൻ വന്നതെങ്കിൽ ഇതിലും കൂടുതൽ അവസരങ്ങൾ സ്വാഭാവികമായി പ്രതീക്ഷിക്കാമായിരുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയിൽ പ്രവർത്തിച്ച് മടുത്തതിന്റെ പേരിലാണ്, ഞാൻ വിശ്വസിച്ചിരുന്ന പ്രത്യേയ ശാസ്ത്രത്തെ എന്നന്നേക്കുമായി ഉപേക്ഷിച്ചുകൊണ്ടാണ്, യുഡിഎഫിന്റെ മാനവികയുടെ പക്ഷത്തേക്ക് ഞാൻ കടന്നുവന്നിട്ടുള്ളത്. നിങ്ങൾ പഴയതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ അശോക് ചവാനെക്കുറിച്ച് നരേന്ദ്ര മോദിയും അമിത് ഷായുമൊക്കെ പറഞ്ഞത് നിങ്ങളൊക്കെ ഒന്നുകൂടെ ടെലക്കാസ്റ്റ് ചെയ്യണം.
ഇവിടുന്നങ്ങോട്ട്, ബിജെപിക്കെതിരായിട്ട് ഒരു രാഷ്ട്രീയ ആരോപണവുമായി അല്ലെങ്കിൽ വ്യക്തിപരമായി ആരെങ്കിലും ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ബിജെപിയെ നന്നാക്കാൻ ഒരു ചൂരൽ എടുത്ത് മാരാർജി ഭവന് ചുറ്റും നടക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ തല്ലിയാലും അവര് നന്നാകാൻ പോകുന്നില്ല. അതുകൊണ്ട് ഞാൻ അവരെ അവരുടെ വഴിക്ക് വിടുകയാണ്. ഞാൻ ഇന്നുമുതൽ കോൺഗ്രസിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുകയാണ്’ സന്ദീപ് വാര്യർ പറഞ്ഞു.
Source link