KERALAMLATEST NEWS

മെഡിസെപ് വേണ്ടെന്ന് കെ.എസ്.ഇ.ബി; പകരം ഗ്രൂപ്പ് ഇൻഷ്വറൻസ് 

കൊച്ചി: മെഡിസെപ് പദ്ധതി വേണ്ടെന്നുറപ്പിച്ച് കെ.എസ്.ഇ.ബി ജീവനക്കാരും പെൻഷൻകാരും. മെഡിസെപിനെ പറ്റിയുള്ള പരാതികൾ, ചില ആശുപത്രികളുടെ പിന്മാറ്റം, പ്രീമിയവും ഇൻഷ്വറൻസ് കവറേജും വർദ്ധിപ്പിക്കുന്നതിലെ തർക്കം എന്നിവയാണ് കാരണം.

ഓറിയന്റൽ കമ്പനിയുമായുള്ള മെഡിസെപ് കരാർ തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണിത്.

തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകുന്ന കെ.എസ്.ആർ.ടി.സിയെയും കെ.എസ്.ഇ.ബിയെയും മെഡിസെപിൽ ഉൾപ്പെടുത്താതിരുന്നതിൽ അമർഷമുയർന്നിരുന്നു. പുതിയ കരാറിൽ ഇക്കാര്യം ആലോചിക്കാമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.

ഒടുവിൽ ഗ്രൂപ്പ് ഇൻഷ്വറൻസ് മതിയെന്ന് പെൻഷൻകാരും ജീവനക്കാരും ധാരണയിലെത്തി. കെ.എസ്.ഇ.ബി അംഗീകരിക്കുകയും ചെയ്തു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെ (കാസ്‌പ്) നോഡൽ ഏജൻസിയാക്കി ഗ്രൂപ്പ് ഇൻഷ്വറൻസ് നടപ്പാക്കാനാണ് തീരുമാനം.

ആശ്രിതർക്കുൾപ്പെടെ ക്യാഷ്‌ലെസ് ചികിത്സ, പരിശോധന-മരുന്ന്-അനുബന്ധ സാധനങ്ങൾ, അത്യാഹിത ചികിത്സ, ഇംപ്ലാന്റേഷൻ സർവീസ്, കിടത്തി ചികിത്സ, ചികിത്സയ്‌ക്കിടെയുള്ള സങ്കീർണതകൾ, ആശുപത്രി വിട്ട് 15 ദിവസത്തെ ചികിത്സാ ചെലവുകൾ എന്നിവയെല്ലാം ഗ്രൂപ്പ് ഇൻഷ്വറൻസിൽ ഉൾപ്പെടുത്തും.

വിദഗ്ദ്ധ സമിതി

ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി പഠിക്കാൻ കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ (എച്ച്.ആർ.എം) ചെയർമാനായ എട്ടംഗ സമിതിയെ നിയമിച്ചു. പദ്ധതിയിൽ ആരെയൊക്കെ ഉൾപ്പെടുത്താം, സേവനങ്ങൾ, നടപ്പാക്കേണ്ടതെങ്ങനെ, പ്രീമിയം എത്ര, ആശുപത്രികൾ ഏതെല്ലാം, അംഗങ്ങളും ബോർഡും നൽകേണ്ട വിഹിതം തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും.

പുതിയ കരാർ വൈകുന്നു

മെഡിസെപ് കരാർ 2025 ജൂലായിൽ അവസാനിക്കാനിരിക്കെ പുതിയ താത്പര്യപത്രം ക്ഷണിക്കുന്നതിലും മറ്റും അനിശ്ചിതത്വം തുടരുകയാണ്. പ്രീമിയം വർദ്ധന, ചില സ്വകാര്യ ആശുപത്രികളുടെ വിമുഖത തുടങ്ങിയ കാരണങ്ങളാലാണ് നടപടികൾ വൈകുന്നത്.

ബോർഡ് ജീവനക്കാർക്കും പെൻഷൻകാർക്കും ഗ്രൂപ്പ് ഇൻഷ്വറൻസ് ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്

വൈദ്യുതി മന്ത്രിയുടെ ഓഫീസ്


Source link

Related Articles

Back to top button