ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സംഘർഷം: കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് ഹർത്താൽ പൂർണം

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ഏറക്കുറെ പൂർണം. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കെ എസ് ആർ ടി സിയും സർവീസ് നടത്തുന്നില്ലെന്നാണ് റിപ്പോർട്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു. രാവിലെ എട്ടോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഒപ്പം സംഘർഷവും. 35, 000 വോട്ടർമാരുണ്ടെങ്കിലും 8,500 പേർക്കാണ് വോട്ട് ചെയ്യാനായത്. 5000ത്തിലേറെ പേർ കള്ളവോട്ട് ചെയ്തെന്നും വോട്ടർമാരല്ലാത്ത 1000 സിപിഎമ്മുകാരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതെന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എം കെ രാഘവൻ എം പി, ടി സിദ്ദിഖ് എം എൽ എ, ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് എന്നിവർ റോഡിൽ കുത്തിയിരുന്നു. തുടർന്നുണ്ടായ തമ്മിലടിയിലാണ് നിയാസടക്കം ഒട്ടേറേ പേർക്ക് പരിക്കേറ്റത്. ഇരുവിഭാഗവും പലതവണ ഏറ്റുമുട്ടി. കെ എസ്. യു ജില്ലാ പ്രസിഡന്റ് വി പി സൂരജ്, സിപിഎം കുന്ദമംഗലം ഏരിയാസെക്രട്ടറി പി ഷൈപു അടക്കം ഇരുപക്ഷത്തുമുള്ള നിരവധി പേർക്കാണ് പരിക്കേറ്റത്.
ഒരുപകൽ നീണ്ട സംഘർഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം - കോൺഗ്രസ് വിമത സഖ്യം ബാങ്ക് ഭരണം പിടിച്ചെടുക്കുകയും ചെയ്തു.വിമതരുടെ ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണസമിതി സമ്പൂർണ വിജയമാണ് നേടിയത്. 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. നാല് പേർ സിപിഎമ്മുകാരും ഏഴുപേർ കോൺഗ്രസ് വിമതരുമാണ്. കോൺഗ്രസ് വിട്ട് വിമത സംഖ്യത്തിന് നേതൃത്വം നൽകിയ ജി.സി. പ്രശാന്ത്കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റും പ്രശാന്താണ്. വർഷങ്ങളായി കോൺഗ്രസിനായിരുന്നു ഭരണം.
ജില്ലയിൽ അഞ്ച് ബ്രാഞ്ചുകളുള്ള, സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്ന ബാങ്കാണ്. ഇത് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ഡി.സി.സി അംഗം കൂടിയായ പ്രശാന്തിനെ കൂട്ടുപിടിച്ച് സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയുണ്ടാക്കിയാണ് സിപിഎം രംഗത്തിറങ്ങിയത്. കോൺഗ്രസിനെ ഒറ്റുകൊടുക്കുന്നവരെ വീട്ടിൽ ജീവിക്കാനനുവദിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് സുധാകരൻ യു.ഡി.എഫ് കൺവെൻഷനിൽ നടത്തിയ പ്രകോപന പ്രസംഗം വലിയ വിവാദമായിരുന്നു.
Source link