KERALAMLATEST NEWS

സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കും, ബി ജെ പി വിടുമെന്ന് അറിഞ്ഞെങ്കിൽ തടയുമായിരുന്നുവെന്ന് എൻ ശിവരാജൻ

പാലക്കാട്: സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു . എന്നാൽ സന്ദീപിന് പിറകെ ആരും ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് പോകില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

‘കോൺഗ്രസിലേക്ക് പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സന്ദീപിനെ തടയുമായിരുന്നു. കോൺഗ്രസ് പ്രവേശനത്തിന് തലേന്നാൾ സന്ദീപ് വാര്യർ വിളിച്ചിരുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞില്ല. മുങ്ങുന്ന കപ്പലിലേക്കാണ് സന്ദീപ് പോയത്. സന്ദീപ് ബിജെപിയിൽ ഉറച്ചു നിൽക്കണമായിരുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ കലാപക്കൊടി ഉയർത്തിയ സന്ദീപ് വാര്യർ ഇന്നലെയാണ് കോൺഗ്രസിൽ ചേർന്നത്.കുറച്ചുകാലമായി പാർട്ടിയിൽ നേരിടുന്ന അവഗണനയ്‌ക്കൊടുവിൽ നാടകീയമായാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. പാലക്കാട്ടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്. നേതാക്കളും പ്രവർത്തകരും സന്ദീപിനെ ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

സംസ്ഥാന നേതൃത്വവുമായും പാലക്കാട്ടെ ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞ സന്ദീപ് വാര്യർ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിവിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആദ്യം സി പി എമ്മിലേക്ക് എന്നായിരുന്നു അഭ്യൂഹം. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ അടക്കം സി പി എം നേതാക്കൾ സന്ദീപിനെ പരസ്യമായി പുകഴ്‌ത്തിയിരുന്നു. ഇതിനിടെ സി പി ഐ നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന റിപ്പോർട്ടും വന്നു. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സന്ദീപ് താമര താഴെവച്ച് കോൺഗ്രസിന്റെ കൈപിടിക്കുകയായിരുന്നു.

സന്ദീപ് വാര്യരെ അടർത്തിയെടുക്കാൻ കോൺഗ്രസ് നേതൃത്വം നടത്തിയ ചടുല നീക്കങ്ങൾ അതീവ രഹസ്യമായിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഓപ്പറേഷന് ചുക്കാൻ പിടിച്ചത്. കൊച്ചിയിലും ബാംഗ്ലൂരിലുമായി നടന്ന ചർച്ചകൾ ചോർന്നില്ല.തിരഞ്ഞെടുപ്പ് കാലമായതിനാൽ ആർ എസ് എസ് – ബി ജെ പി നേതൃത്വം സന്ദീപിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സി പി എമ്മിനും ബി ജെപിക്കും സംശയം തോന്നാത്ത രാഷ്ട്രീയ കൈയ്യടക്കത്തോടെ ശരവേഗത്തിലാണ് കോൺഗ്രസ് തീരുമാനമുണ്ടാക്കിയത്.

സന്ദീപിനോട് സംസാരിക്കാൻ നേതാക്കളെ ചുമതലപ്പെടുത്തിയത് മുതൽ എല്ലാം പ്രതിപക്ഷനേതാവ് അതീവ ജാഗ്രതയോടെ നിയന്ത്രിച്ചു. പാലക്കാട്ടെ മുതിർന്ന നേതാവ് പി ഹരിഗോവിന്ദനെയാണ് ആദ്യം നിയോഗിച്ചത്. പാലക്കാട്ടെ മറ്റ് നേതാക്കളെ മാറ്റി നിർത്തിയിരുന്നു. ഡിസിസി അദ്ധ്യക്ഷനെ പോലും അന്തിമഘട്ടത്തിൽ അറിയിച്ചാൽ മതിയെന്നായിരുന്നു നിർദ്ദേശം. പിന്നീട് ബെന്നി ബെഹനാൻ അടക്കം ചർച്ചയിൽ പങ്കാളികളായി. രണ്ടാംഘട്ടത്തിലാണ് എഐസിസി ഇടപെട്ടത്.


Source link

Related Articles

Back to top button